Friday 19 March, 2010

ദേശീയത, ഉപ ദേശീയത, ഇ. എം. എസ് ഇടതുപക്ഷത്തിന്റെ പുതിയ സാധ്യതകള്‍



കേരളീയ പൊതുസമൂഹത്തിന്റെ സാംസ്‌കാരികമായ ഈടുവയ്പ്പുകളെ ഇഴപിരിച്ചെടുത്ത് അതത് സ്വത്വമായി അടര്‍ന്ന് മാറണം എന്ന് പറഞ്ഞുകൊണ്ടാണ് പണ മുതലാളിത്തം കേരളീയ പൊതുസമൂഹത്തിന് ഇന്ന് വില പറയുന്നത്. ഉത്തരാധുനിക- ആഗോളവത്കരണ കാലത്തെ സാമ്പത്തിക ഇടപെടലുകള്‍ക്കുപിന്നിലുള്ള ഈ ഗൂഢ തന്ത്രത്തെ വളരെ മുമ്പുതന്നെ തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇ എം എസിന്റെ നിരീക്ഷണങ്ങള്‍ ഇന്ന് ഒരു ദിശാസൂചിയായി മാറുന്നത്. ഇത് ഒരു ദിശയിലേക്കുള്ളതല്ല. ആക്രമണങ്ങള്‍ പൊട്ടിപ്പുറപ്പെടുന്ന എല്ലാ മേഖലകളിലേക്കും ഇ എം എസ് വിരല്‍ ചൂണ്ടുന്നു. ഭാഷയിലും സംസ്‌കാരത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്ന പണ മുതലാളിത്ത ഇടപെടലുകളെ ഒന്നൊന്നായി ഇ എം എസിന്റെ വാക്കുകള്‍ കൊണ്ട് വേര്‍പെടുത്തിയെടുത്ത് തിരിച്ചറിയേണ്ടത് ഇന്നൊരു അനിവാര്യതയാണ്. അതുകൊണ്ടാണ് അദ്ദേഹമെഴുതിയ 'ദേശീയതയും ഉപദേശീയതകളും' എന്ന ലേഖനം ഒരു പുതിയ സാധ്യതയായി സമകാലിക സമൂഹത്തില്‍ ഇടം നേടുന്നത്. 


ലഘു ആഖ്യാനങ്ങളുടെ അപകടം
ഇന്ത്യ എന്ന ബൃഹദാഖ്യാനത്തെ അപ്രസക്തമാക്കി മലയാളി തമിഴന്‍ തെലുങ്കന്‍ എന്നിങ്ങനെയുള്ള ലഘു ആഖ്യാനങ്ങള്‍ രുപപ്പെടുകയും ഇവയെ കണ്ണിചേര്‍ത്തുകൊണ്ട് ഇന്ത്യന്‍ ദേശീയത എന്ന ഐക്യബോധത്തില്‍ അടുപ്പിച്ചുനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇ എം എസ് എഴുതുന്നു: 
''ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന്റെ ഇനിയങ്ങോട്ടുള്ള പുരോഗതിക്ക് ഇതാവശ്യമാണെന്ന് സി പി ഐ- എം കരുതുന്നു. (ശക്തമായ സംസ്ഥാനങ്ങളെ ആസ്പദമാക്കിയുള്ള ശക്തമായ കേന്ദ്രം) എന്തുകൊണ്ടെന്നാല്‍, സാമ്രാജ്യത്ത്വ വിരുദ്ധ സമരത്തിന്റെ ഫലമായി ഇന്ത്യന്‍ ജനത പൊതുവില്‍ മാത്രമല്ല, കര്‍ഷക ജനസാമാന്യമടക്കമുള്ള ഇന്ത്യന്‍ തൊഴിലാളി വര്‍ഗവും ഏകീകൃതമായി സംഘടിച്ചിട്ടുണ്ട്. ട്രേഡ് യൂണിയനുകള്‍, കര്‍ഷക സംഘങ്ങളും കര്‍ഷക തൊഴിലാളി യൂണിയനുകളും, വിദ്യാര്‍ഥി യുവജന മഹിളാ എന്നീ വിഭാഗങ്ങളുടെ സംഘടനകള്‍ മുതലായി ചൂഷിതരും മര്‍ദിതരുമായ എല്ലാ വിഭാഗം ജനങ്ങളും ചേര്‍ന്ന ഒരു സംഘടിത രാഷ്ട്രീയശക്തി രൂപപ്പെട്ടിട്ടുണ്ട്. അതും ബൂര്‍ഷ്വാസി ഭൂ പ്രഭുവര്‍ഗങ്ങളുടെ സംയുക്ത രാഷ്ട്രീയ ശക്തിയും തമ്മില്‍ ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നുമുണ്ട്. നരസിംഹറാവു ഗവണ്‍മെന്റിന്റെ സാമ്പത്തിക നയങ്ങള്‍ രാഷ്ട്രീയമായ സ്വേഛാധിപത്യ നീക്കവും വിഘടന ശക്തികളെ പ്രീണിപ്പിക്കലും എന്നിവയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന തൊഴിലാളി വര്‍ഗവും അതിന്റെ സമരസഖാക്കളും തന്നെയാണ്, വര്‍ഗീയതയ്ക്കും മറ്റ് ശിഥിലീകരണ ശക്തികള്‍ക്കും എതിരെ പോരാടുന്നത്. ഈ പുതിയ രാഷ്ട്രീയ ശക്തിയെ വളര്‍ത്തി ശക്തിപ്പെടുത്തുക എന്നതാണ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റുകാരുടെ കടമ  '' (ദേശാഭിമാനി വാരിക- 1992)
പൊതുസമൂഹം രാഷ്ട്രീയ ശക്തിയായി സംഘടിക്കുക എന്ന തത്ത്വത്തില്‍നിന്ന് വ്യതിചലിക്കുന്ന സാഹചര്യത്തിലാണ് ഇ എം എസിന്റെ വാക്കുകള്‍ പ്രസക്തമാകുന്നത്. ഇവിടെ ഇ എം എസ് പറയുന്ന പൊതുസമൂഹം ചൂഷിതരും മര്‍ദിതരുമായ എല്ലാ വിഭാഗം ജനങ്ങളും ചേര്‍ന്ന് രൂപപ്പെടുന്ന ഒന്നാണ്. ഇതില്‍ കുട്ടികളുണ്ട്, സ്ത്രീകളും പുരുഷന്‍മാരുമായ കീഴാളരുമുണ്ട്. ഇവരെല്ലാം ചേര്‍ന്നൊരു പൊതുസമൂഹം സത്യത്തില്‍ കേരളത്തില്‍ രൂപപ്പെട്ടിട്ടില്ല. ഇതിനുള്ള സാധ്യത കേരളത്തിലെ കര്‍ഷക- ട്രേഡ് യൂണിയന്‍- ബഹുജന രാഷ്ട്രീയ മുന്നേറ്റം തുറന്നുതന്നെങ്കിലും അതിലേക്കുള്ള കേരളജനതയുടെ പ്രയാണത്തെ തടഞ്ഞുകൊണ്ടാണ് മുതലാളിത്ത പ്രത്യയശാസ്ത്രം പ്രവര്‍ത്തിക്കുന്നത്. വര്‍ഗപരമായി സംഘടിച്ചിരുന്ന  നമ്മുടെ പൊതുസമൂഹത്തെ അതായത് അടിസ്ഥാന വര്‍ഗത്തെ സ്വാംശീകരിച്ചുകൊണ്ടാണ് ഇത് സാധ്യമാക്കുന്നത് എന്നുള്ളത് തിരിച്ചറിയപ്പെടാതെ പോകുന്ന ഒന്നാണ്. ആക്രമിച്ച് കീഴ്‌പ്പെടുത്താനാവത്ത വിധം തൊഴിലാളി വര്‍ഗ മുന്നേറ്റം സാധ്യമായി എന്നുള്ളിടത്താണ് സ്വാംശീകരണം എന്നത് മുതലാളിത്തത്തിന്റെ ഗൂഢ തന്തമായി നമുക്കുചുറ്റും നിറയുന്നത്. ഉപരിപ്ലവമായ സമരങ്ങളും ഉപരിപ്ലവമായ മുന്നേറ്റവും സംഘടിപ്പിക്കുക എന്നുള്ളതാണ് മുതലാളിത്തത്തിന്റെ പൊതു രീതി. ആഴമുള്ള സമരങ്ങളേയും യഥാര്‍ത്ഥ വിപ്ലത്തേയും അട്ടിമറിച്ചുകൊണ്ട് സമരം- മുന്നേറ്റം- വിപ്ലവം എന്നിവയ്ക്ക് പുതിയ നിര്‍വചനങ്ങള്‍ നിര്‍മ്മിക്കുകയും അത് പൊതുസമൂഹത്തില്‍ സ്വീകാര്യമാക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. തൊഴിലാളി എന്ന ബൃഹദാഖ്യാനത്തില്‍നിന്നും ദളിതന്‍ എന്ന ലഘു ആഖ്യാനത്തെ ഉയര്‍ത്തിക്കൊണ്ടുവന്നാണ് തൊഴിലാളി വര്‍ഗത്തെത്തന്നെ പണ മുതലാളിത്തം സ്വാംശീകരിച്ചത്. 
  ഇന്ന് നിലനില്‍ക്കുന്ന വ്യവസ്ഥകളെ പുതുക്കിപ്പണിത് സോഷ്യലിസ്റ്റ് ബോധം സൃഷ്ടിച്ചുകൊണ്ടല്ലാതെയൊരു പുരോഗമനം സാധ്യമല്ല എന്നുള്ളതുകൊണ്ടാണിത്. 'സംഘടിത രാഷ്ട്രീയ ശക്തിയുടെ'  അനിവാര്യത ഈ വ്യവസ്ഥകളെ ഉടച്ചുവാര്‍ക്കുന്നതിലാണ്. വര്‍ഗപരമായ അസമത്വത്തിനെതിരെയുള്ള സമരം സാമൂഹികവും ലിംഗപരവുമായ അസമത്വത്തിനെതിരേയുമുള്ളതാണെന്ന ബോധ്യത്തില്‍നിന്ന് ആധുനിക മുതലാളിത്തം നമ്മെ അടര്‍ത്തി മാറ്റുകയാണ്. ഈയൊരവസ്ഥ മുന്നില്‍കണ്ടുകൊണ്ടാണ് ശിഥിലീകരണത്തിനെതിരെ പോരാടുന്ന രാഷ്ട്രീയ ശക്തിയെ വളര്‍ത്തി ശക്തിപ്പെടുത്തണമെന്ന് ഇ എം എസ് പറഞ്ഞത്. 
  തൊഴിലാളിവര്‍ഗ സമൂഹത്തില്‍നിന്നും ആദര്‍ശവത്കരിക്കപ്പെട്ട വ്യക്തിത്വങ്ങളായി ദളിതര്‍ ഉയര്‍ന്നുവരുന്നത് വിപ്ലവമാണെന്ന് പ്രചരിപ്പിക്കപ്പെടുകയും അത് സ്വീകരിക്കപ്പെടുകയും ചെയ്യുന്നു. അടിസ്ഥാന വര്‍ഗം രാഷ്ട്രീയമായി സംഘടിച്ച് സമത്വത്തിനുവേണ്ടി സമരം ചെയ്യുമ്പോള്‍ അതിനെ വഴിതിരിച്ചുവിടാനാണ് ഈ കപടവിപ്ലവം ശ്രമിക്കുന്നത്. തൊഴിലാളി വര്‍ഗ്ഗ കര്‍തൃത്വത്തെ നിരാകരിച്ചുകൊണ്ട് ദളിത് കര്‍തൃത്വത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുപിന്നില്‍ വ്യവസ്ഥകളുടെ ഉടച്ചുവാര്‍ക്കലല്ല; മറിച്ച് വ്യവസ്ഥയുടെ ഉറപ്പിക്കലാണ് നടക്കുന്നത്. അതായത് രാഷ്ട്രീയമായി മുന്നേറുന്ന തൊഴിലാളി വര്‍ഗ സമൂഹത്തില്‍നിന്ന് പുറത്തുകടന്നുകൊണ്ട് അരാഷ്ട്രീയമായി ദളിതര്‍ സംഘടിക്കണമെന്ന് പറയുന്നത് അവരെ രാഷ്ട്രീയ ബാഹ്യമായ പരിസരത്തിലേക്ക് ആനയിച്ച് രാഷ്ട്രീയബോധത്തിനെതിരെ തിരിക്കാനാണ്. അങ്ങനെ വരുമ്പോഴാണ് മേലാളന്‍/ കീഴാളന്‍ എന്നീ വിഭജിത കര്‍തൃത്വങ്ങള്‍ രൂപപ്പെടുന്നത്. ഇവിടെ മേലാള കര്‍തൃത്വം എന്ന ഒന്ന് തിരുത്തപ്പെടേണ്ടതുണ്ടെന്നും ആ സ്ഥാനം കീഴാള വിഭാഗം കൈയടക്കണമെന്നുമുള്ള ആവശ്യം ഉയരുന്നു. ഇവിടെ മേലാളന്റെ സ്ഥാനത്തേക്ക് കടന്നുവരാനുള്ള വെമ്പലാണ് മുഖ്യം. അധികാര വ്യവസ്ഥിലേക്ക് ദളിതന്‍ കടന്നുവന്നാലും നിലവിലിരിക്കുന്ന വ്യവസ്ഥയ്ക്ക് പ്രത്യേകിച്ച് മാറ്റമൊന്നും സംഭവിക്കാനില്ലെന്ന് തിരിച്ചറിയുന്നതുകൊണ്ടാണ് ശൈഥില്യത്തിനെതിരെ അണിനിരക്കണമെന്ന ഇ എം എസിന്റെ ആഹ്വാനത്തിന് ഏറെ പ്രാധാന്യം വരുന്നത്. ആഗോളവത്കരണ കാലത്ത് പണ മുതലാളിത്തം അടര്‍ത്തിയെടുത്ത ദളിത്‌വാദപരികല്‍പ്പനയെ തിരിച്ചറിഞ്ഞ് ദളിതരെ തൊഴിലാളിവര്‍ഗ പൊതുസമൂഹത്തില്‍ കണ്ണിചേര്‍ക്കേണ്ടതുണ്ട്. അങ്ങനെവരുമ്പോഴാണ് മേലാളനും കീഴാളനും സമത്വത്തോടെ ജീവിക്കാനാവുക. അതുകൊണ്ട് സംഘടിക്കുക എന്ന പ്രക്രിയയ്ക്ക് നമ്മുടെ ജീവിതത്തെ തിരിച്ചുപിടിക്കുക എന്നും അര്‍ഥമുണ്ട്. 
 തൊഴിലാളിവര്‍ഗം എന്ന ബൃഹദാഖ്യാനത്തില്‍നിന്ന്  ദളിതര്‍ എന്ന ലഘുആഖ്യാനം രൂപപ്പെടുമ്പോള്‍  ആദ്യകാലത്തെ കുടിയാന്‍മാരാണ് ഇന്ന് ദളിത് വിഭാഗമായി അവതരിപ്പിക്കപ്പെടുന്നത് എന്ന യാഥ്ര്‍ത്ഥ്യം മറച്ചുവയ്ക്കപ്പെടുന്നു. ജന്‍മിത്തത്തിനെതിരെ ക്മ്യൂണിസ്റ്റ് പാര്‍ട്ടി കുടിയാന്‍മാരെ സംഘടിപ്പിച്ച് നടത്തിയ സമരത്തെ; അതിന്റെ ഫലങ്ങളെ അട്ടിമറിച്ചുകൊണ്ടാണ് ദളിത് പരിപ്രേക്ഷ്യം ഉയര്‍ന്നുവരുന്നത്. അപ്പോള്‍ ദളിത് സംജ്ഞ ആദര്‍ശവല്‍ക്കരിക്കപ്പെട്ട കീഴാളത്തമായി മാറുന്നു. ഭൂ പ്രഭുക്കന്‍മാരോട് ഏറ്റുമുട്ടിക്കൊണ്ടാണ് കേരളത്തില്‍ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ രൂപപ്പെട്ടതെന്നത് ചരിത്രമാണ്. ജന്‍മിമാരുടെ എതിര്‍ചേരിയില്‍ അണിനിരന്നത് സ്ത്രീകളും പുരുഷന്‍മാരും ചേര്‍ന്ന കീഴാള ബഹുജനങ്ങളാണ്. ഇവിടെ എതിര്‍ക്കപ്പെട്ടത് സവര്‍ണ പ്രത്യയശാസ്ത്രമാണ്. ഈ സമരം ജന്‍മിത്തത്തിന്റെ ഉന്‍മൂലനമാണ് ലക്ഷ്യംവച്ചത്. ഇതിലൂടെ കീഴാളത്തം എന്നത്, കുടിയായ്മ എന്നത് ഇല്ലാതാക്കാമെന്നും സമത്വം പ്രാവര്‍ത്തികമാക്കാമെന്നുമുള്ള സങ്കല്‍പ്പനമാണ് ലക്ഷ്യമിട്ടത്. ഈ ലക്ഷ്യത്തോട് കേരള സമൂഹം നടന്നടുക്കുമ്പോഴാണ് ആധുനിക മുതലാളിത്തം അടിസ്ഥാന വര്‍ഗത്തെ സ്വാംശീകരിച്ചുകൊണ്ട് പദ്ധതി നടപ്പാക്കുന്നത്. കപടവിപ്ലത്തെ ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ് ആദ്യപടി. അത് ഏറെക്കുറേ സാധ്യമാവുകയും ചെയ്തു. അതുകൊണ്ടാണ് തൊളിലാളിവര്‍ഗ പോരാട്ടങ്ങളെ പകരംവച്ചുകൊണ്ട്  ദളിത് പ്രക്ഷോഭങ്ങള്‍ ഉണ്ടാകുന്നത്. 
  തൊഴിലാളി വര്‍ഗ്ഗം എന്ന പരികല്‍പ്പനയെ അട്ടിമറിച്ച് ദളിത് വാദം രൂപപ്പെടുന്നത് വര്‍ഗ്ഗപരമായല്ലെന്നും വര്‍ഗ്ഗീയമായാണെന്നും ഇവിടെ ദളിത് വാദികള്‍ എങ്ങനെയാണ് ഒരു ജനസമൂഹത്തെ അരാഷ്ട്രീയമാക്കി മാറ്റുന്നതെന്ന് പഠിക്കപ്പെടേണ്ടതുണ്ട്. ദളിത് വക്താവായ കാഞ്ച ഐലയ്യ എഴുതുന്നു;
  ''ദളിത്- ബഹുജന്‍ ചിന്താധാര മത ദേശീയവാദത്തില്‍നിന്നും മതേതര സോഷ്യലിസ്റ്റ് ദേശീയവാദത്തില്‍നിന്നും അടിസ്ഥാനപരമായിത്തന്നെ വേറിട്ടുനില്‍ക്കുന്നതാണ്. അതിന്റെ ബോധം, അസ്തിത്വം, സ്വത്വം എന്നിവ എല്ലാത്തരം ഹൈന്ദവ- ബ്രാഹ്മണ ശക്തികളില്‍നിന്നും തീര്‍ത്തും വ്യത്യസ്തകമാണ്.'' 
അതായത് മതാത്മക ദേശീയതയ്ക്കും മതേതര ദേശീയതയ്ക്കും ഒരുപോലെ എതിരാണ് ദളിത് വിഭാഗമെന്നാണ് കാഞ്ച ഐലയ്യ പറയുന്നത്. കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് ധാരയെ പ്രതിനിധീകരിക്കുന്ന എം. എന്‍. റോയ്, ആര്‍. വി. ദത്ത്, ടി. നാഗറെഢി, ഇ. എം. എസ്. നമ്പൂതിരിപ്പാട് തുടങ്ങിയവരൊക്കെ കുലീനരാണെന്നും ഇവരുടെ കൃതികളില്‍ ഹിന്ദുയിസവും ബ്രാഹ്മണിസവും വിമര്‍ശിക്കപ്പെട്ടിട്ടേയില്ലെന്നും പറഞ്ഞുകൊണ്ട് അവതരിപ്പിക്കുന്ന ദളിത്- ബഹുജനങ്ങളുടെ ജ്ഞാനസിദ്ധാന്തത്തിന് അടിസ്ഥാനം 'പ്രകൃതിയില്‍ നിന്ന് പ്രകൃതിയിലേക്ക് മടങ്ങുക' എന്നതാണെന്ന് വ്യക്തമാക്കുന്നു. അതായത് പ്രാകൃതന്‍ എന്നും പ്രാകൃതനായി തുടരണമെന്ന്; കുടിയാന്‍ എന്നും കുടിയാനായി ഇരിക്കണമെന്ന്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവസരസമത്വമുള്ള ഇന്ത്യന്‍ ദേശീയതയ്‌ക്കെതിരാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് അതില്‍നിന്ന് അടര്‍ന്നുമാറി 'ദളിത് ദേശീയത' എന്ന ലഘു ആഖ്യാനത്തില്‍ ജനതയെ വേര്‍തിരിക്കുക എന്ന ധര്‍മ്മം നിര്‍വ്വഹിക്കപ്പെടുന്നുണ്ട്. മതേതര സോഷ്യലിസ്റ്റ് കാഴ്ചപ്പാടില്‍നിന്ന് അടര്‍ന്നുമാറി ഇവര്‍ കണ്ടെത്തുന്ന ഇടം ഏതാണെന്നുള്ളത് ഗൂഢമായ ചോദ്യമായി തിരിച്ചറിയേണ്ടതുണ്ട്. 
 സ്വതന്ത്ര ഇന്ത്യയില്‍ രൂപപ്പെട്ടുവന്ന ഉപ ദേശീയതാ വാദത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എങ്ങനെയാണ് നേരിട്ടതെന്ന് ഇ. എം. എസ് രേഖപ്പെടുത്തിയിട്ടുണ്ട്. 
''പതിറ്റാണ്ടുകളോളം കാലം നീണ്ടുനിന്ന സ്വാതന്ത്ര്യ സമരത്തിന്റെ ഫലമായി വിവിധ ജാതിക്കാരും മതക്കാരും ഭാഷക്കാരുമായ ഇന്ത്യന്‍ ജനത ഏകീകൃതമായ ദേശീയ ജനതയായി ഉയര്‍ന്നിട്ടുണ്ട്. പക്ഷേ അതിന്റെ ഭാഗമായിത്തന്നെ വിവിധ ഭാഷകളും സംസ്‌കാരങ്ങളും ഉള്‍ക്കൊള്ളുന്ന ദേശീയ ജനവിഭാഗങ്ങള്‍, അല്ലെങ്കില്‍ ഉപ ദേശീയതകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ആ സ്ഥിതിക്ക് 'നാനാത്വത്തില്‍ ഐക്യം' എന്ന അടിസ്ഥാനത്തില്‍ വിവിധ ദേശീയ ജനവിഭാഗങ്ങള്‍ക്ക് അല്ലെങ്കില്‍ ഉപദേശീയതകള്‍ക്ക് വ്യാപകമായ അധികാരാവകാശങ്ങള്‍ ഉള്ളതും അവയെ ഏകീകരിച്ച് പുരോഗമിപ്പിക്കാന്‍ കഴിവുള്ള ഒരു കേന്ദ്രീകൃത ഭരണത്തോടുകൂടിയതുമായ ഫെഡറല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന തീരുമാനത്തില്‍ പാര്‍ട്ടി ചെന്നെത്തി. ആ വഴിക്കുള്ള ചില ഭേതഗതികള്‍ 1964 ലെ പാര്‍ട്ടി പരിപാടിയില്‍ ഒമ്പതാം കോണ്‍ഗ്രസ് വരുത്തി. ''ശക്തമായ സംസ്ഥാനങ്ങളെ ആസ്പദമാക്കി ശക്തമായ കേന്ദ്രം'' എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിലുള്ള ഫെഡറല്‍ സംവിധാനമാണ് ഇന്ത്യയ്ക്കാവശ്യമെന്നര്‍ത്ഥം.''
ഇവിടെ ദേശീയത- ഉപദേശീയതാ സങ്കല്‍പ്പത്തിന് വിശാല അര്‍ഥമാണുള്ളത്. ജാതി വ്യവസ്ഥ രൂക്ഷമായ ഇന്ത്യയില്‍ ഇവയുടെ സമന്വയവും ഇതിനെ ഐക്യപ്പെടുത്തുന്ന വര്‍ഗ്ഗപരമായ അടിത്തറയും എന്ന സങ്കല്‍പ്പനത്തിലേക്കുകൂടി ചിന്ത വ്യാപിപ്പിക്കേണ്ടതുണ്ട്. അപ്പോള്‍ എതിര്‍ക്കപ്പെടേണ്ടത് വര്‍ഗ്ഗീയതയും അധീശത്വ വ്യവഹാരങ്ങളുമാണ്. സവര്‍ണ്ണര്‍ അവര്‍ണ്ണര്‍ക്കുമേലും പുരുഷന്‍ സ്ത്രീക്കുമേലും ഭരണകൂടം പൊതുജനത്തിനുമേലും ചെലുത്തുന്ന അധീശത്വ വ്യവഹാരങ്ങള്‍ ഇതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നില്ല. ഈയൊരു തിരിച്ചറിവ് ഇല്ലാത്തതുകൊണ്ടുതന്നെ ദളിതര്‍ ഒരുഘട്ടത്തില്‍ ദളിതര്‍ക്കെതിരായും മാറുന്നത് കാണാം. അവിടെ സാധാരണ ദളിതനെന്നും അങ്ങനെയല്ലാത്തവരെന്നും വിഭജനമുണ്ടാകുന്നു. രാജ് വാത്മീകി എഴുതുന്നു; 
 ''സാധാരണക്കാരായ ദളിതര്‍ ദരിദ്രരും നിരക്ഷരരും നിസ്സഹായരുമാണ്. എന്നാല്‍ മുന്‍നിരയില്‍ എത്തിയ വിദ്യാസമ്പന്നരായ ദളിതര്‍ ദരിദ്ര, ഗ്രാമീണ ദളിതരുടെ ഉന്നമനം ഒരു പ്രധാന പ്രശ്‌നമായി പരിഗണിക്കാറില്ല. ഇതാണ് നിര്‍ഭാഗ്യകരമായ സമകാലിക യാഥാര്‍ഥ്യം. ''
മതേതരത്വ ഇന്ത്യ എന്ന ദേശീയ സങ്കല്‍പ്പത്തില്‍ നിന്ന് അടര്‍ന്നുമാറി രൂപീകരിച്ച 'പ്രകൃതിയില്‍ നിന്ന് പ്രകൃതിയിലേക്ക് മടങ്ങുക' എന്ന ജ്ഞാന സിദ്ധാന്തത്തിന്റെ അനന്തര ഫലമാണ് രാജ് വാത്മീകിയില്‍ വായിക്കാനാവുക. പാര്‍ശ്വവത്കരിക്കപ്പെട്ട അധഃസ്ഥിതരില്‍നിന്ന് വിദ്യാസമ്പന്നരും ബൗദ്ധികമായി ഉയര്‍ന്നവരും രൂപപ്പെട്ടതിനുപിന്നില്‍ വര്‍ഗ്ഗസമരങ്ങളുടേയോ ബഹുജന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയോ നിരന്തര ഇടപെടലുകളോ ആണെന്ന ചരിത്ര യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ഇ. എം. എസ് പറഞ്ഞ രാഷ്ട്രീയ ശക്തിയുടെ അനിവാര്യത ബോധ്യമാകുന്നത്. ഉത്തരാധുനിക ചിന്താ പരിസരത്ത് രൂപപ്പെടുന്ന ഇത്തരം ലഘു ആഖ്യാനങ്ങളെ തൊഴിലാളി വര്‍ഗ്ഗ ബൃഹദാഖ്യാനത്തിനുപിന്നില്‍ അണിനിരത്തേണ്ടത് അതുകൊണ്ടാണ്

7 comments:

  1. ഇ എം എസിന്റെ ഒരു പരട്ട പ്രബന്ധം പൊലിപ്പിക്കുന്നതു കൊള്ളാം.
    പക്ഷേ താഴെക്കാണുമ്പോലുള്ള നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തരുത്:

    "ആദ്യകാലത്തെ കുടിയാന്‍മാരാണ് ഇന്ന് ദളിത് വിഭാഗമായി അവതരിപ്പിക്കപ്പെടുന്നത് എന്ന യാഥ്ര്‍ത്ഥ്യം മറച്ചുവയ്ക്കപ്പെടുന്നു."

    എവിടെന്നു കിട്ടി ഈ വിജ്ഞാനം?
    ആദ്യകാലം ച്ചാല്‍? ഇ എം എസ്സിന്റെ കണക്കിലെ മൂവായിരം കൊല്ലം മുന്‍പോ? അതോ ബ്രിട്ടീഷുകാരുടെ "ഭൂപരിഷ്കരണ"ത്തിനു മുമ്പോ?

    ReplyDelete
  2. സുഹൃത്തേ....
    ദളിത് എന്ന പദം ലക്ഷ്യം വയ്ക്കുന്നത് ജാതീയമായും സാമൂഹികമായും (സാമ്പത്തികമായും) അടിച്ചമര്‍ത്തപ്പെട്ടവരെ സൂചിപ്പിക്കുകയാണെന്ന് നിങ്ങളോട് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈ പദം മറാത്തിയില്‍നിന്ന് വന്നതാണെന്നും ആദ്യമായി പ്രയോഗിച്ചത് ജ്യോതിറാവുഭൂലെയാണെന്നുള്ളതും നിങ്ങള്‍ക്ക് അറിയാമല്ലോ. 1800 കളിലാണ് ദളിത് സംജ്ഞ പിറവിയെടുക്കുന്നത്് (അ്‌ദ്ദേഹം മരിക്കുന്നത് 1890 ലാണ്). എന്നാല്‍ സാമൂഹികമായ ഉച്ചനീചത്വം 1800 ല്‍ ആരംഭിച്ചതല്ലെന്ന് നിങ്ങള്‍ക്കുമറിയാവുന്നതല്ലേ. അന്ന് അടിച്ചമര്‍ത്തപ്പെട്ടവരെ നമ്മള്‍ വിളിച്ചത് അതായത് ചരിത്രം പറഞ്ഞത് കുടിയാന്‍മാര്‍ അടിമകള്‍ എന്നൊക്കെയല്ലേ... ഈ പദങ്ങള്‍ അര്‍ത്ഥമാക്കുന്ന സംഗതിയല്ലേ ദളിതത്തത്തിനുപിന്നിലും അണിനിരത്തുന്ന (ആശയഭീകരത) ഇക്കാര്യം പുറത്തുവരുന്നതില്‍ നിങ്ങള്‍ ഭയപ്പെടേണ്ടതില്ല. കാരണം സത്യം പുറത്തുവന്നേ മതിയാവൂ. അത് ചരിത്രപരമായ അനിവാര്യതയാണ്. അതിന്റെ ഭാഗമാകാന്‍ കഴിയുക ഒരു വലിയ കാര്യമാണ്.

    ReplyDelete
  3. ദളിത് എന്ന പദത്തെ നിങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നു.
    "ദളിത് എന്ന പദം ലക്ഷ്യം വയ്ക്കുന്നത് ജാതീയമായും സാമൂഹികമായും (സാമ്പത്തികമായും) അടിച്ചമര്‍ത്തപ്പെട്ടവരെ സൂചിപ്പിക്കുകയാണെന്ന് നിങ്ങളോട് പ്രത്യേകം പറയേണ്ടതില്ലല്ലോ"
    എന്നത് ഇ എം എസ് ശൈലിയെയും യുക്തിയെയും ഓര്‍മ്മിപ്പിക്കുന്നു.
    മൂന്നെണ്ണം കൂട്ടിച്ചേര്‍ത്തു പറയുന്നത് ആ പദത്തിന്റെ അര്‍ത്ഥം ശോഷിപ്പിക്കാനുദ്ദേശിച്ചാണ്. താണജാതിക്കാരനും തൊട്ടുകൂടാത്തവനാണ് ദളിത്. അവിടെപ്പിന്നെ സാമ്പത്തികത്തിന്റെ ഏച്ചുകെട്ടലൊന്നും ആവശ്യമില്ല. സാമ്പത്തികമായി ചൂഷണം അനുഭവിച്ച മേല്‍ജാതിക്കാരനെ ദളിത് എന്നു വിളിച്ചിട്ടില്ല.

    കുടിയാന്‍മാരെ എന്തൊക്കെ വിളിച്ചു എന്നത് അപ്രസക്തമാണ്. കുടിയാന്മാര്‍ എന്ന പദം എന്തു വിവക്ഷിച്ചോ അതും 'ദളിത് വിഭാഗമായി അവതരിപ്പിക്കപ്പെടുന്ന' എന്നു നിങ്ങള്‍ പറയുന്നതും തമ്മില്‍ ബന്ധമില്ല. എന്നു മാത്രമല്ല പരമ്പരാഗതമായി നിലനിന്ന കുടിയായ്മ സമ്പ്രദായത്തില്‍ കുടിയാനുണ്ടായിരുന്ന അവകാശങ്ങള്‍ എടുത്തുകളയുന്ന പരിഷ്ഖാരങ്ങള്‍ ബ്രിട്ടീഷുഭരണത്തോടെ വന്നതിനെപ്പറ്റി ഇ എം എസ് പറഞ്ഞതിനെയൊക്കെ നിഷേധിക്കുന്ന വര്‍ത്തമാനമാണ് നിങ്ങള്‍ പറയുന്നത്. കുടിയാന്‍ എന്ന പദത്തെച്ചൊല്ലി തര്‍ക്കിക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ല.

    ഇ എം എസിനെ ഈ വിധത്തില്‍ ഇക്കാലത്ത് ആരും സ്തുതിക്കാറൊന്നുമില്ല. ഇ എം എസ് ജ്വരം ബാധിച്ച കാലത്ത് അതൊക്കെ പതിവുണ്ടായിരുന്നു. ഇ എം എസ് മാര്‍ക്സിസത്തെക്കുറിച്ച് അടിസ്ഥാനധാരണയില്ലാത്തയാളാണെന്നും താന്‍ പറഞ്ഞതിനെയെല്ലാം വിശദമായി നിഷേധിക്കുകയും ഖണ്ഡിക്കുകപോലും ചെയ്ത പരിഹാസ്യനായ സിദ്ധാന്തവേലക്കാരനാണെന്നും ഏതൊരു കാര്യത്തിലും ഭാവനയ്ക്കപ്പുറമുള്ള വിവരക്കേടുകള്‍ തട്ടിവിടുന്നയാളാണെന്നും സമ്പൂര്‍ണ്ണകൃതികള്‍ മറിച്ചുനോക്കുന്ന ഏതു സാമാന്യവായനക്കാരനും മനസ്സിലാക്കാവുന്നതേയുള്ളൂ. മാക്സിം ഗോര്‍ക്കി മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനാണെന്നു പറഞ്ഞ ഒറ്റ ഉദാഹരണം മതി ഇയ്യാളെ സിദ്ധാന്തത്തിന്റെ മേഖലയില്‍നിന്ന് ഓടിക്കാന്‍. ഇയ്യാളുടെ മഹാസിദ്ധാന്തമായ ജാതി ജന്മി നാടുവാഴി മേധാവിത്വത്തിന്റെ പണി ഇയ്യാള്‍ തന്നെ കഴിച്ചതാണ്. പക്ഷേ കേരളത്തിലെ ഇടതുപക്ഷ അക്കാഡമിക്കുകള്‍ ഇ എം എസിന്റെ ഇംഗ്ലീഷിലുള്ള കൃതികളേ വായിക്കൂ എന്നങ്ങു നടിക്കും. അതാവട്ടെ ചില മിനുക്കലുകളൊക്കെ ആരൊക്കെയോ നടത്തിയവയും. ഏതായാലും ഇ എം എസ്സിനക്കൊണ്ടു തന്നെ ആ സിദ്ധാന്തത്തിന്റെ പണികഴിപ്പിക്കുന്ന ജോലി (വെറും സമ്പാദകജോലി) ഞാന്‍ വൈകാതെ ചെയ്യുന്നുണ്ട്.

    ReplyDelete
  4. ദളിത് എന്ന പദത്തെ ഞാന്‍ ദുര്‍ വ്യാഖ്യാനം ചെയ്യുകയാണെങ്കില്‍ ശരിയായ വ്യാഖ്യാനം നിങ്ങള്‍ എന്തുകൊണ്ട് പറയുന്നില്ല.
    ''മൂന്നെണ്ണം കൂട്ടിച്ചേര്‍ത്ത് പറയുന്നത് ആ പദത്തിന്റെ അര്‍ത്ഥം ശോഷിപ്പിക്കാനാണ്''
    എന്ന് നിങ്ങള്‍ എന്റെ വരികളെ കടമെടുത്ത് പറയുമ്പോള്‍ നിങ്ങള്‍ വര്‍ഗ്ഗീയവാദികളുടെ പക്ഷത്താണെന്ന് വെളിപ്പെടുന്നുണ്ട്. കാരണം സാമൂഹിവും സാമ്പത്തികവുമായ അസ്തിത്വത്തില്‍നിന്ന് പൂര്‍ണമായും അകന്നുകൊണ്ടുള്ള ജാതിബോധം അഥവാ സ്വത്വബോധം, ഇതിനെയാണ് വര്‍ഗ്ഗീയ വാദം എന്ന് പറയുക. അതായത് സാമൂഹികമായ പരിസരത്തുനിന്നുമാറി പൊതുസമൂഹത്തിന്റെ മേല്‍സ്ഥാനത്തേക്ക് ജാതീയ സമൂഹത്തെ സൃഷ്ടിക്കുകയും അവരോധിക്കുകയും ചെയ്യുക. അങ്ങനെ നോക്കുമ്പോള്‍നിങ്ങള്‍ കറകളഞ്ഞ വര്‍ഗ്ഗീയവാദിയാണ്. അങ്ങനെയുള്ള നിങ്ങള്‍ക്ക് ഒരു കമ്മ്യൂണിസ്റ്റ് തികച്ചും ശസ്ത്രുവായിരിക്കുമെന്ന് തീര്‍ച്ച. മ്മ്യൂണിസ്റ്റുകള്‍ക്കും വര്‍ഗ്ഗീയവാദികള്‍ ശത്രുതന്നെയാണ്.
    പൊതുസമൂഹം എന്നത് ജാതിരഹിതവും മതരഹിതവുമായ ജനാധിപത്യ ആശയമാണ്. ഈ ജനാധിപത്യസമൂഹത്തില്‍ മുസ്ലിമിനും ക്രിസ്ത്യനും ഹിന്ദുവിനും ഒരു വോട്ട്. ഒരേ അവകാശം, ഒരേ നിയമം. എന്നാല്‍ ഇവിടെയുള്ള വര്‍ഗ്ഗപരമായ വിവേചനം നിങ്ങളെപ്പോലെയുള്ളവര്‍ മറച്ചുപിടിക്കുന്നു. അതായത് സമൂഹത്തിന്റെ മേല്‍ത്തട്ടിലുള്ള മുതലാളിവര്‍ഗ്ഗവും താഴേത്തട്ടിലുള്ള തൊഴിലാളി വര്‍ഗ്ഗവും തമ്മിലുള്ള അന്തരം. ഇവിടെ ഒരു വിഭാഗം മറ്റൊരു വിഭാഗത്തിനു കീഴ്‌പ്പെട്ടിരിക്കുന്നു. അതിന് വഴിവച്ചത് സാമ്പത്തിക അസമത്വമാണെന്ന് നിങ്ങള്‍ക്കും എനിക്കും അറിയാം. ഈ സത്യം മറച്ചുപിടിച്ച് ജാതീയമായ ധ്രുവീകരണം സൃഷ്ടിക്കുക, അത് നിങ്ങളെപ്പോലെയുള്ളവരുടെ അജണ്ടയായിരിക്കാം. അത് വെളിച്ചത്തുകൊണ്ടുവരികയാണ് എന്നെപ്പോലെയുള്ളവരുടെ ഉദ്ദേശ്യം.

    പിന്നെ...ഒരു പുസ്തകം ഒരാള്‍ക്ക് അയാളുടെ താത്പര്യത്തിനനുസരിച്ച് വായിക്കാം. ഒരു നോവല്‍വായിച്ച് അതെഴുതിയ ആളിന്റെ ലൈംഗിക താത്പര്യം എന്താണെന്ന് അന്വേഷിക്കാം, അതല്ല അയാളുടെ ഭാര്യയുമായുള്ള ബന്ധ്‌തെക്കുറിച്ച് തിരയാം, അതുമല്ലെങ്കില്‍ പുസ്തകമെഴുതിയത് ഏത് പേനയുപയോഗിച്ചാണ് എന്നും ഗവേഷിക്കാം.
    എന്നാല്‍ ഇ എം എസിന്റെ സമ്പൂര്‍ണ കൃതികള്‍ ഇന്ന് പലരും വായിക്കുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റുകളുടെ ജീവിതം അറിയുന്നതിനും അതില്‍ ഭാഗഭാക്കാകാനുമാണ്. കുറഞ്ഞ പക്ഷം സാമൂഹിക സമത്വത്തിനുവേണ്ടി നമ്മളൊക്കെ ജനിക്കുന്നതിനുമുമ്പ്് പലരും ഒഴുക്കിയ ചോരപ്പുഴയെക്കുറിച്ച് അറിയാനെങ്കിലും....അതെന്തെങ്കിലുമാകട്ടെ.
    എന്റെ ലേഖനം ഇ എം എസിന്റെ സമ്പൂര്‍ണ കൃതികളെക്കുറിച്ചുള്ള റിവ്യു അല്ലെന്ന് നിങ്ങള്‍ക്ക് മനസിലായിട്ടില്ലേ....? എന്നാല്‍ മനസിലാക്കൂ ഇത് വര്‍ഗ്ഗീയവാദം കടന്നവരുന്ന വഴിയെക്കുറിച്ചുള്ള വ്യാകുലതകളാണെന്ന്. അതായത് നിങ്ങളെപ്പോലെയുള്ളവരുടെ മുഖം മൂടി അഴിയുകയാണെന്ന് . ഇവിടെ എന്റെ സ്വന്തം ചിത്രത്തിനും പേരിനുമൊപ്പമാണ് 'ബ്ലോഗുന്നത്'. നിങ്ങളോ ഒളിഞ്ഞിരുന്നും....നിങ്ങളുടെ ലക്ഷ്യം ഗൂഢമാണെന്നുള്ളതിന് ഇതുതന്നെ ഒരു തെളിവല്ലേ....

    ReplyDelete
  5. ഞാന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഞാനൊരു വര്‍ഗ്ഗീയവാദിയെന്നു നിശ്ചയിച്ച നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ എന്റെ ഗുഹ്യരോഗം ചികിത്സിക്കാനും പറ്റിയേക്കും. ഞാന്‍ മതവിരോധിയാണെന്നതും എനിക്ക് ഇപ്പോള്‍ ഗുഹ്യരോഗമില്ലെന്നതും നിങ്ങള്‍ക്കു പ്രശ്നമാവേണ്ട കാര്യമില്ലല്ലോ.
    അതൊക്കെ ഞാന്‍ അവഗണിക്കുന്നു. പുറത്തു സംസാരിച്ചു നിങ്ങള്‍ക്കു ശീലമില്ല, അകത്തേ സംസാരിച്ചു ശീലമുള്ളൂ എന്നതിനാല്‍. ച്ചാല്‍ പ്രത്താനത്തിനകത്ത്, പിന്നെ ഒരുപക്ഷേ മൈക്രൊഫോണിനോടും.
    പക്ഷേ, ചങ്ങാതീ, നിങ്ങള്‍ ഇ എം എസിനെ വായിച്ചിട്ടുണ്ടോ? കള്ളം പറയരുത്!
    "സമൂഹത്തിന്റെ മേല്‍ത്തട്ടിലുള്ള മുതലാളിവര്‍ഗ്ഗവും താഴേത്തട്ടിലുള്ള തൊഴിലാളി വര്‍ഗ്ഗവും തമ്മിലുള്ള അന്തരം" ആണ് "ഇവിടെയുള്ള വര്‍ഗ്ഗപരമായ വിവേചനം" എന്നു നിങ്ങള്‍ പറയുമ്പോള്‍ ഇ എം എസ് ഭക്തനായ നിങ്ങള്‍ക്ക് ഇ എം എസിനെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്നു വ്യക്തമാവുകയല്ലേ സുഹൃത്തേ. ബൂര്‍ഷ്വാസി സഖ്യശക്തിയായ സാമ്രാജ്യത്വവിരുദ്ധ ഫ്യൂഡല്‍ വിരുദ്ധ ജനകീയ ജനാധിപത്യത്തിനുവേണ്ടി വാതോരാതെ പറഞ്ഞുനടന്ന ഇ എം എസിനെപ്പറ്റി പറയാന്‍ നിങ്ങള്‍ക്ക് ഒരു യോഗ്യതയുമില്ല.
    എന്തുപറയുന്നു?

    ReplyDelete
  6. ഹ ഹ ഹ ഹ
    കൊള്ളാം......................
    തോല്‍പ്പിക്കാന്‍ പറ്റിയില്ലെങ്കില്‍ തൂറിത്തോല്‍പ്പിക്കുന്ന ഏര്‍പ്പാട് എന്നൊരു ചൊല്ല് പണ്ട് ഗ്രാമങ്ങളില്‍ പ്രചരിച്ചിരുന്നു. നിങ്ങളെ സംബന്ധിച്ചും അത് ശരിയാണെന്ന് തോന്നുന്നു.
    ദളിത് പ്രത്യയശാസ്ത്രത്തെക്കുറിച്ച് സംസാരിക്കൂ....?
    വര്‍ഗ്ഗീയ വാദത്തെക്കുറിച്ച് സംസാരിക്കൂ....?
    നിങ്ങളുടെ നിലപാട് വ്യക്തമാക്കൂ....?
    നിങ്ങള്‍ക്ക് ഗുഹ്യരോഗമുണ്ടെങ്കില്‍ നാടുമുഴുവന്‍ വിലപിച്ചുനടന്നിട്ട് കാര്യമില്ല. ഏതെങ്കിലുമൊരു നല്ല ഡോക്ടറെ കാണിക്കുകയായിരിക്കും നല്ലത്.

    ദളിത് എന്ന സംജ്ഞയെക്കുറിച്ച് സംസാരമാരംഭിച്ചിട്ട് ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ഗുഹ്യരോഗത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ഈ രോഗം നിങ്ങളുടെ മനസിന്റെ സമനിലയെ തെറ്റിച്ചിരിക്കുന്നു. (ഈഡിപ്പസിന്റെ മനോനില തെറ്റിച്ചതിന്റെ കഥ നിങ്ങള്‍ക്ക് ഇവിടെ ഓര്‍ക്കാവുന്നതാണ്). അതുകൊണ്ടാണ് നിങ്ങള്‍ പിച്ചും പേയും പറയുന്നത്. പ്രത്താനമല്ല, പ്രതാനം അതായത് പക്ഷവാതം നിങ്ങളുടെ ഗുഹ്യരോഗം അത്ര കടുത്തതാണെന്ന് നിങ്ങള്‍ എന്നോട് പറഞ്ഞിട്ട് കാര്യമില്ല കാരണം ഞാനൊരു ഡോക്ടറല്ല.

    ഞാന്‍ നിങ്ങളോട് ആദ്യമേ പറഞ്ഞു, എന്റെ ലേഖനത്തില്‍ ചര്‍ച്ചചെയ്യുന്ന കാര്യത്തെക്കുറിച്ച് സംസാരിക്കാം. അല്ലാതെ നിങ്ങള്‍ക്കിഷ്ടമുള്ള രോഗാവസ്ഥകളെക്കുറിച്ചൊക്കെ സംസാരിക്കാനും നിങ്ങള്‍ ഒരുക്കുന്ന വഴിയേ നടക്കാനും വേറെ ആളെ നോക്കണം. പിന്നെ ഞാന്‍ വായിച്ചിട്ടുള്ള പുസ്തകങ്ങളുടെ ലിസ്റ്റ് നിങ്ങളെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല.
    ഒട്ടും അടിസ്ഥാനമില്ലാത്ത ജല്‍പ്പനങ്ങള്‍ നിങ്ങള്‍ക്ക് ഒഴിവാക്കാനാവില്ല, കാരണം. അധ്വാനബാഹ്യമായ സുഖത്തിലാണ് നിങ്ങളെയൊക്കെ തളച്ചിട്ടിരിക്കുന്നത്. നിങ്ങള്‍ എല്ലാക്കാലത്തും അടിമയായിരിക്കാനേ കഴിയൂ; സ്വാതന്ത്ര്യത്തിന്റെ, ജനാധിപത്യത്തിന്റെ വഴികള്‍ തുറന്നിട്ടുതന്നാലും.
    അത് നിങ്ങളുടെ മാത്രം പ്രശ്‌നമല്ല.

    ReplyDelete
  7. "ദളിത് എന്ന സംജ്ഞയെക്കുറിച്ച്" ഞാന്‍ പറഞ്ഞു. അതെന്തല്ലെന്നു പറഞ്ഞു. നിങ്ങള്‍ പറഞ്ഞതും അതും തമ്മില്‍ ബന്ധമില്ലെന്നു പറഞ്ഞു. നിങ്ങള്‍ മറുപടി പറയാതെ വര്‍ഗ്ഗീയവാദം ആരോപിച്ചു. നമ്പൂതിരിപ്പാടിസം തന്നെ.

    കുടിയാന്മാരാണ് ദളിതര്‍ എന്ന പേരില്‍ അവതരിപ്പിക്കപ്പെടുന്നതെന്ന വങ്കത്തരം നിങ്ങള്‍ എഴുന്നെള്ളിച്ചു. നമ്പൂതിരിപ്പാടിനെ പറഞ്ഞുകൊണ്ടുതന്നെ അതു മണ്ടത്തരമാണെന്നു ഞാന്‍ ചൂണ്ടിക്കാണിച്ചു. നിങ്ങള്‍ക്കു മറുപടിയില്ല.

    ഇ എം എസിനെ വാഴ്ത്തിക്കൊണ്ട് ബൂര്‍ഷ്വാപല്ലവി പാടിയപ്പോള്‍ ഇ എം എസ് വിരുദ്ധതയാണ് പറഞ്ഞതെന്നു ഞാന്‍ പറഞ്ഞു. മറുപടിയില്ല.


    ഇ എം എസിനെ വായിക്കാതെ ഇ എം എസ് പ്രബന്ധമെഴുതുന്ന നിങ്ങള്‍ ഈഡിപ്പസ് എന്നൊന്നും ചിലയ്ക്കാതെ സുഹൃത്തേ.

    കൊച്ചുതൊഴിലാളീ, ഞാന്‍ സസ്പെന്‍ഷന്റെ അദ്ധ്വാനബാഹ്യമായ സുഖം ശരിക്കനുഭവിക്കുകയാണ്. ഇ എം എസ്സും ചില്ഡ് ബിയറും (വെറും ബിയറല്ല, ആസ്ട്രേലിയന്‍ ഫോസ്റ്റേഴ്സ്) കൂട്ടിനുണ്ട്. കൊച്ചുതൊഴിലാളിയുടെ മാന്വല്‍ ലേബര്‍ എന്തൊക്കെയാണ്?

    രണ്ടെണ്ണം വിട്ടിട്ട് ഇങ്ങനെ ഒരുത്തനെ സംസാരിക്കാന്‍ കിട്ടുന്നതിന്റെ സുഖം. അതൊരു സുഖം തന്നെയാണിഷ്ടാ.

    ReplyDelete