Wednesday 17 March, 2010

ചിന്തയില്‍ തീ പടരുമ്പോള്‍

ശൈഥില്യം ഒരു പുതിയ കാര്യമല്ല. കോളനിവത്കരണ കാലം മുതല്‍ ഇതിനെ നമുക്കറിയാം. എന്നാല്‍ ശൈഥില്യം ഒരു പ്രത്യയശാസ്ത്രമായി മാറുന്നത് സമീപകാലത്താണ്. ചിന്തയില്‍, അനുഭവങ്ങളില്‍, അറിവിടങ്ങളില്‍ ഇത് പ്രത്യയശാസ്ത്ര വിവക്ഷ തേടുന്നു. സമൂഹപുരോഗതിക്ക് വിരുദ്ധമാണെന്നുള്ളിടത്താണ് അതിന്റെ ഊന്നല്‍. മനുഷ്യന്‍ സമൂഹജീവിയാണെന്ന സങ്കല്‍പനത്തിനപ്പുറം 'കുടുംബജീവി', 'ദാമ്പത്യജീവി' എന്നീ നിലകളിലേക്ക് ചുരുങ്ങുന്നു എന്ന് പറയേണ്ടിവരുന്നത് മനുഷ്യന്റെ സാമൂഹ്യപാഠം ഇല്ലാതാകുന്നതുകൊണ്ടാണ്.


പണം ബന്ധങ്ങളെ നിര്‍മിക്കുകയും നിര്‍വ്വചിക്കുകയും ചെയ്യുന്ന അവസ്ഥ കടന്ന് അധികാര വ്യവസ്ഥയായി മാറുന്നിടത്താണ് ശൈഥില്യത്തിന് വേരുറയ്ക്കുന്നത്. സമൂഹമനസ്സില്‍ സ്വന്തം അസ്തിത്വം ദര്‍ശിക്കുന്നതില്‍നിന്ന് മാറി താന്താങ്ങളുടെ ആവശ്യങ്ങളെ ഒരു പ്രത്യേക തലത്തിലേക്കുയര്‍ത്തി പണാധികാരത്തിന്റെ ഗുണഭോക്താവാകുമ്പോള്‍ സത്യത്തില്‍ ഈ അധികാര വ്യവസ്ഥ കൂടുതല്‍ കേന്ദ്രീകൃതമാവുകയും ഇതിന്റെ ചാലുകള്‍ സമൂഹത്തില്‍ വ്യക്തികളിലേക്ക് പടര്‍ന്നുകയറുകയുമാണ് ചെയ്യുന്നത്. വ്യക്തികള്‍ അതിലൂടെ സ്വന്തം അകക്കാമ്പിലേക്ക് കൂടുതല്‍ കൂടുതല്‍ ചൂഴ്ന്നിറങ്ങുന്നു. അങ്ങനെവരുമ്പോള്‍ നമ്മുടെ ആവശ്യങ്ങളെ അഥവാ ആഗ്രഹഅങ്ങളെ നിര്‍മിക്കുന്നത് നാംകൂടി ഉള്‍പ്പെടുന്ന ഒരു സമൂഹം അല്ലാതാവുകയും നമ്മുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും നമ്മുടേതല്ലാതാവുകയും ചെയ്യുന്നു. തിരുവക്കല്ല് വാങ്ങാന്‍ ചന്തയിലേക്ക് പോകുന്നയാള്‍ക്ക് അത് ലഭിക്കാതിരിക്കുകയും പകരം മിക്‌സി വാങ്ങാന്‍ നിര്‍ബന്ധിതനാവുകയും ചെയ്യുന്നത് അങ്ങനെയാണ്. (തിരുവക്കല്ല്, ധാന്യങ്ങള്‍ പൊടിക്കാന്‍ മാത്രമായി ഗ്രാമങ്ങളില്‍ ഉപയോഗിച്ചിരുന്ന കല്ല്). ഇത് പക്ഷേ തിരിച്ചറിഞ്ഞുകൊള്ളണമെന്നില്ല. ഓരോ വ്യക്തിയും സ്വയം ആവശ്യങ്ങളേയും ആഗ്രഹങ്ങളേയും സ്വീകരിക്കുമ്പോള്‍ അങ്ങനെയല്ലാത്ത ഒരു സമൂഹമുണ്ടെന്ന് ധരിക്കുന്നു. പക്ഷേ യഥാര്‍ഥത്തില്‍ പണ അധികാര വ്യവസ്ഥ നമ്മുടെ ആവശ്യങ്ങളേയും ആഗ്രഹങ്ങളേയും കവര്‍ന്നെടുക്കുകയാണ്. ആവശ്യങ്ങളെ നീതിയോടെയും സമത്വത്തോടെയും പരിഗണിക്കുന്ന ഒരു സമൂഹത്തെ തുടച്ചുനീക്കുന്നു എന്ന് നമ്മള്‍ അറിയുന്നത്, ശിഥിലമാക്കപ്പെട്ട കൂട്ടായ്മകള്‍ നാലുപാടും നിന്ന് മുറവിളികൂട്ടുന്നത് കേള്‍ക്കുമ്പോള്‍ മാത്രമാണ്. ഇവിടെയാണ് പണഅധികാരം സമ്മാനിക്കുന്ന സുഖസൗകര്യങ്ങള്‍ ഒട്ടും ആസ്വാദ്യമല്ലാതാവുന്നതും അവ വച്ചുനീട്ടിയ മോഹങ്ങളും ആവശ്യങ്ങളും മറ്റാരുടേയോ ആണെന്നും ഓരോരുത്തരും തിരിച്ചറിയുന്നത്. ഈ സാഹചര്യത്തില്‍ ആസ്വാദനം എന്നത് അസ്വസ്ഥതയായും അത് പിന്നീട് അസഹിഷ്ണുതയായും ആക്രമണോത്സുകതയായും മാറും.


സാമൂഹികമായ ഈയൊരു മാറ്റം ജീവിതത്തിന്റെ നാനാതുറകളില്‍ പ്രതിഫലിക്കുന്നുണ്ട്. കലയിലായാലും സാഹിത്യത്തിലായാലും സ്‌പോര്‍ട്‌സിലായാലും ഇത് പ്രകടമാണ്. ഡീഗോ മറഡോണയുടെ ഫുട്‌ബോള്‍ കളികാണുമ്പോഴും, കറുത്ത വര്‍ഗത്തിന്റെ പാട്ടുകാരിയായ മരിയം മക്കെബയുടെ ശബ്ദം കേള്‍ക്കുമ്പോഴുമെല്ലാം ആസ്വാദനം എന്ന സംജ്ഞ ഇല്ലാതാകുന്നു. ഭൂമിയില്‍ തുല്യ അവകാശത്തോടെ നിലനിന്നു പോരുന്നതിനുള്ള സമരത്തിന്റെ തീഷ്ണത നമ്മള്‍ അറിയുന്നത് അങ്ങനെയാണ്.


ആസ്വാദനം എന്നത് ഒരു വഞ്ചനയാണ്. അത് നമ്മുടെ ചിന്തയേയും മുഹൂര്‍ത്തങ്ങളേയും വിലയ്‌ക്കെടുക്കുന്നു. ''ട്യൂഷന്‍ മാഷില്‍ നിന്ന് നീണ്ടെത്തുന്ന കൈകള്‍ക്ക് കീഴെ താന്‍ ചുളിഞ്ഞും പിരിഞ്ഞും കുറ്റിയറ്റുപോകുമോ എന്ന് റഷീദ ആകുലപ്പെടുന്ന'' കാഴ്ച (സൃഷ്ടിവാദം: കെ പി രാമനുണ്ണി: ഭാഷാപോഷിണി: മെയ് 2009) ആസ്വദിക്കുകയല്ല മറിച്ച് പതിയിരിക്കുന്ന ആക്രമണത്തെ തിരിച്ചറിഞ്ഞ് പ്രതിരോധത്തിന്റെ പുതുവഴികള്‍ അന്വേഷിക്കുകയാണ്. അതായത് ഇന്ന് മലയാള സാഹിത്യത്തില്‍ നമ്മള്‍ അന്വേഷിക്കുന്നത് സമരച്ചൂടാണ് എന്ന് പറയേണ്ടിവരും. പുതിയ കാലം നമ്മുടെ മൂഹുര്‍ത്തങ്ങളെ വിലയ്‌ക്കെടുക്കുന്നു എന്ന് തിരിച്ചറിയുന്നതുകൊണ്ടാണ് ഈയൊരു ബോധം ഉണ്ടാകുന്നത്.


തനൂജ എസ് ഭട്ടതിരിയുടെ 'പ്രോഗ്രാമിങ്ങ് അഥവാ പാതാളക്കരണ്ടി' (ജനയുഗം വാരാന്തം മെയ് 3) വായിക്കുന്നത് അത്തരത്തിലാണ്. ലക്ഷക്കണക്കിന് രൂപ ശമ്പളം വാങ്ങുന്ന അനിത ''ബാംഗ്ലൂര്‍ നഗരത്തില്‍ സ്വര്‍ഗ്ഗം പണിയണമെന്ന് നിശ്ചയിച്ച്'' തോമസിനെ പ്രണയിച്ച് വിവാഹം കഴിക്കുകയും അയാളില്‍ കുട്ടിയുണ്ടാവുകയും ചെയ്തശേഷം തോമസിനെ ഉപേക്ഷിച്ച് സുഹൃത്തിനെ വരിക്കുകയും പിന്നീട് അയാള്‍ക്കുപകരം തോമസ് വീണ്ടും അനിതയുടെ മനസ്സില്‍ ഇടംതേടുന്നതും നമ്മള്‍ കാണുന്നു. അനിതയുടെ മകള്‍ സ്മൃതി ആദ്യമായി ചിരിക്കുന്നത് വിളിച്ചറിയിച്ചത് പഴയ ആയയാണെങ്കില്‍ അവള്‍ ആദ്യമായി പിച്ചവയ്ക്കുന്നത് അറിയുന്നത് പുതിയ ആയയുടെ വാക്കുകളില്‍ നിന്നാണ്. തനൂജ എഴുതുന്നു; ''അവര്‍ക്കത് കേള്‍ക്കാനോ സന്തോഷിക്കാനോ സമയമുണ്ടായിരുന്നില്ല. അത്രയ്ക്ക് തിരക്ക് പിടിച്ച പ്രഫഷണലുകളായിത്തീര്‍ന്നിരുന്നു അവര്‍''


വില്‍ക്കപ്പെടുന്ന സമൂഹമനസ്സിന്റെ ആകുലതകളില്‍ നിന്നുകൊണ്ട് ഇന്ന് മലയാള ചെറുകഥയെ വായിക്കുമ്പോള്‍ അത് എത്രത്തോളം ആസ്വാദ്യമാണ് എന്ന വിശകലനമല്ല മറിച്ച് ഒരു സമരായുധമെന്ന നിലയില്‍ എത്രമാത്രം ശക്തമാണ് എന്ന ചോദ്യമാണ് ഉയര്‍ന്നുവരുന്നത്. ഇതിന് ഉത്തരം നല്‍കേണ്ടതോ, ശിഥിലീകരിക്കപ്പെട്ട സമൂഹവും. സമകാലിക രചനകളെ നമ്മള്‍ ഉറ്റുനോക്കുന്നത് ഈ അര്‍ത്ഥത്തിലാണ്. പൊതുസമൂഹത്തെ ശിഥിലമാക്കി കമ്പോള സാധ്യത അന്വേഷിക്കുന്ന തന്ത്രങ്ങളെ തിരിച്ചറിയുന്നതോടൊപ്പം തന്നെ ഇതിനെതിരെ ശിഥിലമാക്കപ്പെട്ട കൂട്ടായ്മകള്‍ സ്വയം ശബ്ദിക്കുന്നതും കാണേണ്ടതുണ്ട്. അങ്ങനെ ഒരു പൊതു ശത്രുവുണ്ടെന്നും ആ വര്‍ഗശത്രുവിനെതിരെ നാലുപാടുനിന്നും ഉയര്‍ന്നുവരുന്ന ശബ്ദങ്ങള്‍ സമാഹരിക്കേണ്ടതുണ്ടെന്നും നമ്മള്‍ അറിയുന്നു.


അങ്ങനെയാണ് 'മോഡേണ്‍ മന്‍സിലിലെ' റഷീദയുടെ അസ്വസ്ഥതയെ നമ്മള്‍ കാണുന്നത് ( സൃഷ്ടിവാദം, കെ പി രാമനുണ്ണി, ഭാഷാപോഷിണി). മൊയ്തുമുസല്യാരുടെ കഥകള്‍കേട്ട് വളരണമെന്ന ആഗ്രഹത്തെ പകരം വയ്ക്കുന്നത് ''എന്‍ട്രന്‍സ് എഴുതി ഡോക്ടറോ എന്‍ജിനീയറോ ആയി അരലക്ഷോം ഒരുലക്ഷോം ശമ്പളം വാങ്ങുക'' എന്ന ആഗ്രഹമാണ്. ഇതിലേക്കുള്ള വഴി ഉറപ്പിക്കുന്നതിന് അമ്മയായ മുംതാസ് കണ്ടെത്തുന്നത് ''ഹൗസ് ട്യൂഷനും റിയല്‍ എസ്റ്റേറ്റും പ്രധാന തൊഴിലാക്കിയ'' ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ അധ്യാപകനെയാണ്. ''റഡിമെയ്ഡ് ഉടുപ്പുകളുടെ പ്രദര്‍ശന മോടിയുള്ള ഒന്നരമണിക്കൂര്‍ അധ്യാപനത്തില്‍ '' അയാള്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് ''മത്സര ശേഷിയുള്ളവര്‍മാത്രം പ്രകൃതിയില്‍ അതിജീവിക്കുന്നു. ദുര്‍ബലരും അയോഗ്യരും നശിച്ചുപോകുന്നു'' എന്ന വിപണി യാഥാര്‍ഥ്യത്തെയാണ്.


അതായത് ദരിദ്രര്‍ കൂടുതല്‍ ദരിദ്രരും ധനികര്‍ കൂടുതല്‍ ധനികരുമായിത്തീരണമെന്ന്; ഒന്നുമില്ലാത്തവന്‍ എല്ലാമുള്ളവനോട് മത്സരിക്കണമെന്ന്. ഇവിടെ മത്സരം സംവാദാത്മക അര്‍ത്ഥത്തെ ഉപേക്ഷിച്ച് കടന്നുകയറ്റത്തിന്റേയും അടിച്ചമര്‍ത്തലിന്റേയും അര്‍ത്ഥം തേടുന്നു. ഇതിനെ ഊട്ടിയുറപ്പിക്കാനായി ശേഷിയെ കവര്‍ന്നെടുക്കുകയാണ് ആദ്യം ചെയ്യുക.


''ചിത്രമെഴുത്ത്, ലളിതസംഗീതം, കായികവിനോദം എന്നിവയില്‍ റഷീദക്കുട്ടി വിചിത്രമായ മിടുക്കുകള്‍ കാട്ടി.'' ഈ ശേഷിയെ അവളില്‍നിന്ന് ഉന്മൂലനം ചെയ്യുകയാണ് സൈനുദ്ദീന്‍മാഷ്. ഒടുവില്‍ ''മാനവും മര്യാദയും മാനവികമൂല്യങ്ങളും അടിഞ്ഞൊടുങ്ങാനുള്ളതാണെന്ന്'' വന്നുകൂടുകയും പത്തുവയസ്സുകാരിയുടെ ശരീരത്തിലേക്ക് ലൈംഗികാസക്തിയുടെ സൂചിമുനകള്‍ കുത്തിയിറക്കുകയും ചെയ്യുന്നിടത്തുനിന്നാണ് റഷീദക്കുട്ടിയുടെ സമരം രൂപപ്പെടുന്നത്. ''ചരിത്രസന്ദര്‍ഭങ്ങളെ വരകളിലൂടെയും വസ്തുക്കളിലൂടെയും പുനഃസൃഷ്ടിച്ചുകൊണ്ടാണ്'' റഷീദ സമരം ചെയ്യുന്നതെന്ന് കാണാം. പണ അധികാരവ്യവസ്ഥയുടെ എണ്ണത്തിന്റേയും രൂപത്തിന്റേയും നിയമങ്ങള്‍ തെറ്റിച്ചുകൊണ്ട് പെണ്‍ മനസ്സില്‍ ഉരുണ്ടുകൂടുന്ന സാമൂഹിക പാഠത്തില്‍ പുതുയുഗപ്പിറവിയുടെ തിരിവെട്ടം നാം തിരിച്ചറിയേണ്ടതുണ്ട്.


ചെലവ് ഒരു ഭീതിയായിത്തീരുകയും ആ ഭീതി വ്യക്തിയുടെ ആഗ്രഹങ്ങളെ നിയന്ത്രിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നു. ഭ്രൂണമനസ്സ് എന്ന കഥയില്‍ (രമേശ്ബാബു, കലാകൗമുദി, ലക്കം 1760) ഭാര്യയുടെ ആഗ്രഹത്തെ നിയന്ത്രിക്കുന്നത് ഭര്‍ത്താവിന്റെ ഭീതിയാണ്.


''ദിവസേന തങ്ങളുടെ സ്വന്തം ജീവിതത്തെ പുതുതായി ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന മനുഷ്യര്‍ മറ്റ് മനുഷ്യരെ സൃഷ്ടിക്കാന്‍, സ്വന്തം വംശത്തെ വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങുന്നു എന്നതാണ് തുടക്കംതൊട്ടേ ചരിത്രത്തിന്റെ വികാസഗതിയുടെ ഒരു അഭേദ്യമായി വര്‍ത്തിക്കുന്ന സംഗതി. അതാണ് ഭര്‍ത്താവും ഭാര്യയും തമ്മിലും മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം, കുടുംബം. തുടക്കത്തില്‍ കുടുംബമാണ് ഒരേയൊരു സാമൂഹ്യബന്ധം.''(മാര്‍ക്‌സ് ഏംഗല്‍സ് തിരഞ്ഞെടുത്ത കൃതികള്‍, വാല്യം ഒന്ന്, പ്രോഗ്രസ്, മോസ്‌കോ) ഈയൊരു കുടുംബത്തിനുള്ളിലെ ഇടപെടല്‍ സമൂഹത്തിലേക്ക് വ്യാപിക്കുക എന്നതാണ് അടുത്ത ഘട്ടം. ഈ ഘട്ടത്തിലേക്ക് മനുഷ്യന്‍ പരിവര്‍ത്തിക്കപ്പെടാതിരിക്കുന്നിടത്താണ് സാമൂഹ്യജീവി എന്നതില്‍നിന്നും ഒരാള്‍ കുടുംബജീവിയായി ചുരുങ്ങുന്നത്. ഭ്രൂണമനസ്സിലെ ഭര്‍ത്താവ് അങ്ങനെയുള്ളൊരാളാണ്. സ്വന്തം കുടുംബത്തിന്റെ ചെലവുകളില്‍ മാത്രമാണ് അയാള്‍ ശ്രദ്ധയൂന്നുന്നത്. തന്റെ ഭീതിയെ തരണം ചെയ്യാന്‍ ഭാര്യയുടെ ആഗ്രഹത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ഭ്രൂണഹത്യയെക്കുറിച്ച് ചിന്തിച്ചുകൊണ്ട് ചരിത്രവികാസത്തിന്റെ സാമൂഹ്യപരിസരത്തിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യുന്നു. ചെലവ് എന്ന ഭീതിയില്‍നിന്നാണ് ഈയൊരു വിലക്ക് ഉണ്ടാകുന്നത്. ചെലവാകട്ടേ ഉപരിവര്‍ഗത്തിന്റേതുമാണ്. വീട്ടുവാടക സെന്‍ട്രല്‍ സ്‌കൂളില്‍ മക്കളുടെ പഠനച്ചെലവ്, മാതാപിതാക്കള്‍ക്കുള്ള വിഹിതം എന്നിങ്ങനെ പോകുന്നു അവ. അനേകം വ്യക്തികളുടെ സംയുക്ത പ്രവര്‍ത്തനമാണ് സാമൂഹ്യബന്ധം എന്ന പരികല്‍പനയ്‌ക്കെതിരെ തിരിയുകയായിരുന്നുതാനെന്ന് ഭര്‍ത്താവ് പിന്നീട് തിരിച്ചറിയുന്നു. അതുകൊണ്ടാണ് ''അവളുടെ ആഴ്ന്ന പൊക്കിള്‍തടത്തിനുപിന്നിലെ ജീവന്റെ നദി വറ്റിയിരിക്കുന്നതായും അതില്‍ വരണ്ട പാറകളും ഉണങ്ങിയ ചെടിക്കമ്പുകളും മാത്രം നിറഞ്ഞിരിക്കുന്നതായും ഉള്‍ക്കാഴ്ചയില്‍ തെളിഞ്ഞ്'' അയാള്‍ ഞെട്ടിയുണര്‍ന്നതും ഭ്രൂണഹത്യക്കുവേണ്ടി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഭാര്യയെ സ്‌കാനിങ്ങിനുപോലും വിധേയയാക്കാതെ മടക്കി വിളിച്ചുകൊണ്ട് പോകുന്നതും.


കുടുംബത്തിലെ ജൈവിക ഉത്പാദനത്തിന് സാമൂഹികമാനം കൈവരികയും അതിലൂടെ കുടുംബം സമൂഹമായി വളരുകയും ചെയ്യുമെന്ന ബോധം അയാള്‍ക്ക് ഭീതിയെ മറികടക്കാനുള്ള ഉപാധിയായി കഥയില്‍ മാറുന്നുണ്ട്. ''അന്നുരാത്രി അവളെ പുണര്‍ന്ന് കിടക്കുമ്പോള്‍ നദിയുടെ ജീവസ്പന്ദനങ്ങളാകെ ഒഴുകുന്നതായും പ്രവാഹത്തിന്റെ മന്ത്രധ്വനികള്‍ തന്നില്‍ അനുനാദം ചെയ്യുന്നതായി അനുഭവപ്പെടുന്നത്'' അതുകൊണ്ടാണ്. ഇരയായിത്തീരുന്നവന്റെ ഭീതിയെ മറികടക്കാന്‍ കൊതിക്കുകയും, അതിന് ശ്രമിച്ച് ഒടുവില്‍ ഇരയായി മാറുന്നത് കോഴിയേയും കുറുക്കനേയും പ്രതീകമാക്കി കനകരാഘവന്‍ കുറിച്ചിടുന്നുണ്ട്. (കുറുക്കാ, ദേശാഭിമാനി വാരിക, മെയ് 24)


തനിക്കുവേണ്ടി എല്ലായ്‌പ്പോഴും 'കരിമീന്‍ കാത്തുവയ്ക്കുന്ന' ആനന്ദമാടിലെ പുഴയെ സ്വന്തമാക്കി, തന്നെ ചവുട്ടി പുറത്താക്കി റിസോര്‍ട്ട് പണിയാനുള്ള പദ്ധതി തിരിച്ചറിഞ്ഞുകൊണ്ട് ഇക്കോരന്‍ സ്വന്തം നാട്ടിലെ യുവാവിനോട് ചോദിക്കുന്ന ചോദ്യംനമ്മളോരോരുത്തരുടെ നേര്‍ക്കും പാഞ്ഞടുക്കുന്നത് അറിയാതിരുന്നുകുടാ. (ഇവന്റ് മാനേജ്‌മെന്റ്, റാഫേല്‍ തൈക്കാട്ടില്‍, സമകാലികമലയാളം, മെയ് 29)''ചവിട്ടി നില്‍ക്കണ മണ്ണ് കാല്‍ക്കീഴില്‍നിന്ന് ചോരണതറിയാത്ത നീയൊക്കെ എന്തിനാടാ കണ്ടവനെതിരെ സമരത്തിന് പോണത്''; ഇക്കോരന്‍ ചേദിക്കുന്നു.


ഗ്രാമജീവിതത്തെ സമ്പുഷ്ടമാക്കി മണ്ണടരുകള്‍ക്കുള്ളിലേക്ക് മറഞ്ഞ കാര്‍ഷിക സംസ്‌കാരത്തെ തിരിച്ചെടുക്കാനുള്ള ആഗ്രഹം സുസ്‌മേഷ് ചന്ദ്രോത്തിന്റെ രചനയില്‍ നമ്മള്‍ കാണും.(ഭൂതമൊഴി, സമകാലികമലയാളം, മെയ് 22). പക്ഷേ ബൂട്ടണിഞ്ഞതും വരിയുടയ്ക്കപ്പെട്ടതുമായ നായ്ക്കൂട്ടം നടന്നുപോകുന്ന പറമ്പില്‍ ഇപ്പോഴുള്ളത് ''ഗ്രാഫൈറ്റ് മുന നഷ്ടപ്പെട്ട മുഷിഞ്ഞ പെന്‍സില്‍ പോലെ ശിരസറ്റ് ആകാശത്തേക്ക് ഉയര്‍ന്നുനില്‍ക്കുന്ന'' അടയ്ക്കാമരവും പെട്ടന്ന് കായ്ക്കുന്ന കുറിയ മാവുകളുമാണ് എന്ന് അറിയുന്നു. ആരോടും അനുമതി ആവശ്യമില്ലാതെ ഏത് മരത്തിലും കയറി രമിച്ച് മദിച്ച് ലാഭം കൊയ്യുന്ന പാപ്പച്ചന്മാര്‍ ഒരു ചോദ്യമായി കഥയില്‍ നിറയുന്നു.


അതായത് ലാഭം എന്നത് ശൈഥില്യത്തിന്റെ സൂത്രവാക്യമായിത്തീരുകയും ഈ തത്വത്തിലധിഷ്ടിതമായി ജീവിതം കെട്ടിയൊരുക്കപ്പെടുകയും ചെയ്യുന്നു. ആന്റപ്പന്റെ ജീവിതം അങ്ങനെ കരുപ്പിടിപ്പിക്കപ്പെട്ട ഒന്നാണ്. (ശിക്കാര്‍ ,റിയാസ്, മാധ്യമം ആഴ്ചപ്പതിപ്പ് മെയ് 11) അതുകൊണ്ടാണ് ആന്റപ്പന്റെ ദയാദാക്ഷിണ്യമായി ലഭിച്ച ജോലിയില്‍നിന്നും ക്ലയന്റുകളെ തപ്പിപ്പിടിച്ച് നല്‍കാത്തതിനാല്‍ 'എന്നെ' പിരിച്ചുവിടുന്നത് അഥവാ 'ഞാന്‍' പിരിഞ്ഞുപോകുന്നത്. വിപണിയില്‍ മനുഷ്യന്‍ ചരക്കായിത്തീരുന്നതും മനുഷ്യന്റെ ചരക്കുവല്‍ക്കരണം ഭംഗിയായി പൂര്‍ത്തിയാക്കുന്നവന് കുടുതല്‍ കൂടുതല്‍ അംഗീകാരം ലഭിക്കുന്നതും ഈ കഥയില്‍ നമ്മള്‍ കാണുന്നു. ഇതിനൊരു പ്രതിരോധം സൃഷ്ടിക്കാന്‍ പലരും ധൈര്യം കാട്ടുന്നില്ലെങ്കിലും ഈയൊരു അവബോധം തീര്‍ച്ചയായും ഭൂരിഭാഗം യുവകഥാകാരന്മാരുടെ കൃതികളിലുമുണ്ട്. ഇതിനെ ഊതിപ്പെരുക്കി തീനാളമായി പടര്‍ന്നുയരേണ്ടിയിരിക്കുന്നു ആകാലം അത്ര വിദൂരമല്ല.

No comments:

Post a Comment