Thursday 25 March, 2010

ശുചിത്വമുണ്ണുന്ന പെണ്ണും ടാറ്റിയുടെ പട്ടികളും

പൊതുസമൂഹത്തിന്റെ ഉത്പാദനപരമായ മുന്നേറ്റമാണ് ജീവിതം എന്നത് നമ്മള്‍ മറന്നുപോകുന്ന യാഥാര്‍ഥ്യമാണ്.  ഒരാളുടെ ജീവിതം രൂപപ്പെടുന്നത് പൊതുസമൂഹത്തിനുള്ളിലും പൊതുസമൂഹം രൂപപ്പെടുന്നത് 'ജീവിതങ്ങളുടെ' നിരന്തര ഇടപെടലുകളിലൂടെയുമാണ്. ഇവിടെ പൊതുസമൂഹവും വ്യക്തിജീവിതവും പരസ്പരം സംവദിക്കുന്നതാണ്. ഇവ പരസ്പരം നവീകരിക്കുകയും നവീകരിക്കപ്പെടുകയും ചെയ്യുന്നു. ഇവിടെ വ്യക്തിജീവിതം എന്നത് സമൂഹജീവിതംതന്നെയാകുന്നു. എന്നാല്‍ പൊതുസമൂഹത്തില്‍നിന്നും വ്യക്തികള്‍ അടര്‍ന്നു മാറുകയും അവരുടെ കര്‍തൃത്വം സമൂഹബാഹ്യമായിരിക്കുകയും ചെയ്യുമ്പോള്‍ 'ജീവിതം'  അതിശയോക്തിയായി മാറും. സമൂഹമെന്നും വ്യക്തികളെന്നും  അടര്‍ന്നുമാറിയ കാഴ്ചയില്‍ 'സാമൂഹ്യജീവിതം' വ്യക്തികള്‍ക്ക് അതിശയമായും 'വ്യക്തി ജീവിതം' സമൂഹത്തിനുമുന്നില്‍ അതിശയമായിരിക്കുകയും ചെയ്യും. 'സാമൂഹ്യജീവിതം'  അതിശയോക്തിയായിരിക്കുമ്പോള്‍ ന്യൂനോക്തിയായി മാറുന്നത് 'വ്യക്തി ജീവിതവും' 'വ്യക്തി ജീവിതം' അതിശയോക്തിയായിരിക്കുമ്പോള്‍ 'സാമൂഹ്യ ജീവിതമാണ്' ന്യൂനോക്തിയായി മാറുന്നത്. അതിശയോക്തിയായി നില്‍ക്കുന്ന ജീവിതത്തെ നമ്മള്‍ എളുപ്പം കാണുകയും ന്യൂനോക്തിയാക്കപ്പെട്ട അഥവാ മൂടിവയ്ക്കപ്പെട്ട ജീവിതങ്ങളെ പെട്ടെന്ന് കാണാതിരിക്കുകയും ചെയ്യുന്നു. അതായത് ഉപരിവര്‍ഗം സ്വാംശീകരിച്ച, ആദര്‍ശവത്കരിക്കപ്പെട്ട വ്യക്തിത്വങ്ങളെ കാണുകയും അതിന്റെ പൂരകമായ അടിസ്ഥാന വര്‍ഗത്തെ കാണാതിരിക്കുകയും ചെയ്യുന്നു. അപ്പോള്‍ യാഥാര്‍ഥ്യം എന്നത് മറഞ്ഞിരിക്കുന്നതിനും വെളിപ്പെട്ടതിനും ഇടയിലാണ് എന്നുവരുന്നു. അതിശയോക്തിയായ 'ജീവിതം' ദൃശ്യസാന്നിധ്യമായി ഇടപെടുമ്പോള്‍ അദൃശ്യസാന്നിധ്യമായ 'ജീവിതത്തെ' വീണ്ടെടുത്ത് സമൂഹത്തിനുമുന്നില്‍ കൊണ്ടുവന്ന് നിര്‍ത്തുക എന്നുള്ളത് കലാകാരന്റെ പ്രധാനപ്പെട്ട ദൗത്യമായി മാറുന്നു. ഈയൊരു ദൗത്യം നിര്‍വഹിക്കപ്പെടുന്നതുകൊണ്ടാണ് ഫ്രഞ്ച് ചലച്ചിത്ര സംവിധായകനായ ഴാക് ടാറ്റി ഒരു മികച്ച കലാകാരകനും അദ്ദേഹത്തിന്റെ 'മൈ അങ്കിള്‍' എന്ന സിനിമ മികച്ച കലാസൃഷ്ടിയായും മാറുന്നത്.
  തൊഴിലാളി വര്‍ഗ സമൂഹം യാഥാര്‍ഥ്യമായ സാഹചര്യത്തില്‍ സൃഷ്ടിപരമായ അധ്വാനം സമൂഹത്തേയും വ്യക്തികളേയും ഒരുപോലെ മുന്നോട്ട് നയിക്കുമ്പോള്‍ അധ്വാനബാഹ്യമായ മുതലാളിത്ത സമൂഹം ആദര്‍ശവത്കരിക്കപ്പെട്ട വ്യക്തിത്വങ്ങളായി അധ്വാനിക്കുന്ന വര്‍ഗത്തിനുമേല്‍ ആധിപത്യം സ്ഥാപിക്കുന്നു. അധ്വാനം അധഃകൃതമാണെന്ന് പ്രചരിപ്പിക്കപ്പെടുകയും പൊതുസമൂഹത്തില് അത് സ്ഥാപിച്ചെടുക്കുകയും ചെയ്യുന്നു. 'അധ്വാനബാഹ്യമായ സുഖം' എന്നത് ഗൂഢവത്കരിക്കപ്പെട്ട സ്വപ്നമായിത്തീരുകയും അതിലേക്ക് സമൂഹത്തെ അടുപ്പിച്ച് നിര്‍ത്താനായി 'അധ്വാനരഹിതമായ സുഖം' ഒരു മാതൃകയായും ലക്ഷ്യമായും അവതരിപ്പിക്കപ്പെടുന്നു.
  ശുചിത്വം എന്ന സങ്കല്‍പ്പനം നമ്മെ കുരുക്കിയിടുന്നത് ഇത്തരത്തിലാണ്. ചെളിയും കുഴിയും നിറഞ്ഞ പൊതുവഴി മലിനമാണെന്നും കോണ്‍ക്രീറ്റുപാതകള്‍ പകരം വേണമെന്നും ആവശ്യപ്പെടുന്നത് ഒരു ആഗോളവത്കരണ തന്ത്രമായി തിരിച്ചറിയുന്നതുപോലെ, ഓരോ നേരവും സോപ്പുപയോഗിച്ച് കൈകള്‍ കഴുകണമെന്ന് ആവശ്യപ്പെടുന്ന പരസ്യവും ഒരു തന്ത്രമാണെന്ന് നമ്മള്‍ തിരിച്ചറിയുന്നു. അങ്ങനെ നമ്മള്‍ ഉത്പാദിപ്പിക്കുന്ന മാലിന്യങ്ങള്‍ വൃത്തിയാക്കേണ്ടത് മറ്റാരോ ആണെന്നുവരികയും നമ്മുടെ വീടും നിരത്തും നഗരവും ശുചിയാക്കാന്‍ ഒരു പ്രത്യേക സംഘം ആവശ്യമാണെന്ന് വരികയും 'തൊഴില്‍രഹിതരായ' സ്ത്രീകളെ അതിനായി നിയോഗിക്കുകയും ചെയ്യുന്നു. വീട്ടിനുള്ളില്‍; അടുക്കളയില്‍ ശുചീകരണം നടത്തി ഉപജീവിച്ച 'പഴയ സ്ത്രീ' പൊതു ഇടത്തില്‍ തൊഴിലെടുക്കുന്നു എന്ന് വിപ്ലവം പറയുകയും വീട്ടിനുള്ളില്‍ എങ്ങനെയാണോ സ്ത്രീകളെ 'ശുചീകരണ തൊഴിലാളിയായി' മാറ്റി നിര്‍ത്തിയിരുന്നത്, അതില്‍നിന്ന് ഒട്ടും മാറ്റമില്ലാതെ അവള്‍ പൊതുസമൂഹത്തില്‍ അടയാളപ്പെടുകയും ചെയ്യുന്നു. ഇവിടെ 'പുറം പണിയും' 'അകം പണിയും' ഒരേ വ്യവസ്ഥയുടെ ഭിന്ന മുഖങ്ങളാണെന്ന് തെളിയും. മുതലാളിത്ത അധീശത്തത്തിന്റെ ഏറ്റവും ചെറിയ ഘടനയിലുള്ള വ്യവസ്ഥാപിത കുടുംബത്തില്‍ പുരുഷാധിപത്യമാണ് സ്ത്രീകളെ 'ശുചീകരണ തൊഴിലാളി'കളാക്കിയതെങ്കില്‍ മുതലാളിത്തത്തിന്റെ വികസിത രൂപമാണ് സമൂഹത്തില്‍ സ്ത്രീകളെ 'ശുചീകരണ തൊഴിലാളികളാക്കുന്നത്' ഇവിടെ ആധിപത്യം എന്നുള്ളത് ഊട്ടിയുറപ്പിക്കപ്പെടുകയാണ് ചെയ്യുന്നതെന്ന വസ്തുതയെ സൗകര്യപൂര്‍വം മറച്ചുവയ്ക്കുകയും പൊതുസമൂഹത്തെ ഉത്പാദനപരമായ അധ്വാനത്തില്‍നിന്നകറ്റി ഉപഭോഗപരമായ അടിമത്തത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
  തുണിയലക്കുക എന്ന ഭാരിച്ച ജോലി ചെയ്യാന്‍ യന്ത്രമുണ്ടെന്നും പാചകം എളുപ്പമാക്കുന്ന നൂതന സാങ്കേതിക വിദ്യയുണ്ടെന്നും നമ്മള്‍ അറിയുകയും ഇവ സ്വന്തമാക്കി 'നമ്മുടെ പെണ്ണുങ്ങള്‍ക്ക്' കൊടുക്കാന്‍ താത്പര്യപ്പെടുകയും ചെയ്യുന്നു. അടിമത്ത ബോധത്തില്‍ ഇത് നമുക്ക് അഭിമാനമായിത്തീരുകയും അതിലൂടെ മുതലാളിത്ത വ്യവസ്ഥയില്‍ നമ്മള്‍ ഉപഭോക്താക്കളായി സ്വാംശീകരിക്കപ്പെടുകയും ചെയ്യുന്നു. 'മൈ അങ്കിള്‍' എന്ന സിനിമയിലെ മണ്‍സൂര്‍ ഹ്യൂലോ എന്ന അങ്കിള്‍ കഥാപാത്രത്തിന്റെ സഹോദരി (മാഡം ആര്‍പെല്‍ എന്ന് നമുക്കവരെ വിളിക്കാം ) അങ്ങനെയുള്ളവരുടെ പ്രതിനിധിയാണ്. ഭര്‍ത്താവിനെ അണിയിച്ചൊരുക്കി, അയാളുടെ ബാഗ് തുടച്ച് വൃത്തിയാക്കി, കാര്‍ തുടച്ച്, ഗേറ്റ് തുടച്ച്, വീട് തുടച്ച് 'ഒരു ശുചീകരണ തൊഴിലാളി'യായി അവര്‍ അത്യാധുനികമായ വാസ്തുവിദ്യയില്‍ യന്ത്രസജ്ജീകരണങ്ങളോടുകൂടി നിര്‍മിച്ച വീടിനുള്ളില്‍ നിറയുന്നു. എന്നാല്‍ തെരുവില്‍ ശുചീകരണത്തിലേര്‍പ്പെടുന്ന പുരുഷന്‍മാരകട്ടേ, ചൂലും കൈയിലേന്തി നില്‍ക്കുന്നതല്ലാതെ ചപ്പുചവറുകള്‍ നീക്കം ചെയ്യുന്നില്ല. വഴിപോക്കരോടും മറ്റും വര്‍ത്തമാനം പറഞ്ഞുകൊണ്ട് സമയം കഴിക്കുകയാണ്. ആധുനിക സജ്ജീകരണങ്ങളുള്ള വീട്ടിനുള്ളില്‍ ശുചീകരണ പ്രക്രിയ ശ്രദ്ധയോടെ ചെയ്തുതീര്‍ക്കുന്ന സ്ത്രീയും പൊതുസമൂഹത്തില്‍ അതിന് പുറംതിരിഞ്ഞുനില്‍ക്കുന്ന പുരുഷന്‍മാരും ഴാക് ടാറ്റിയുടെ ചിത്രത്തില്‍ ഒരേ സമയം ഇടം നേടുന്നു. 'ശുചീകരണം' ഒരു തന്ത്രപരമായ സംജ്ഞയാണെന്നും വ്യാവസായിക മുതലാളിത്തം ഇതിലൂടെ എങ്ങനെയാണ് നമ്മെ അടിമകളാക്കുന്നതെന്നും സിനിമ പറഞ്ഞുതരുന്നു. സിനിമയില്‍ ശുചിത്വം എന്നുള്ളത് അതിശയോക്തിയായ ദൃശ്യസാന്നിധ്യമാണ്. വീട്ടിലും ഓഫീസിലുമൊക്കെ ശുചിത്വം സുപ്രധാനമായ ഒന്നാണ്. മാഡം ആര്‍പെല്‍ തന്റെ കൂട്ടുകാരിയെ വീട്ടിനുള്ള് ചുറ്റിനടന്ന് കാണിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളില്‍നിന്ന് മടങ്ങിവന്ന മകന്‍ വരാന്തയിലിട്ടിരിക്കുന്ന മാറ്റില്‍ (ചവിട്ടി) ഏറെനേരം ഷൂസ് ഉരസി നില്‍ക്കുന്നത് കാണാം. ഗൃഹാന്തരീക്ഷം തീരെ പിടിക്കാതെ അതിനെതിരെ കലഹിച്ചുകൊണ്ട് ഷൂസും തൊപ്പിയും വലിച്ചെറിയുന്നതായി തോന്നുമെങ്കിലും വീട്ടിനുള്ളിലെ 'അച്ചടക്കത്തെ' ലംഘിക്കാതെ യഥാസ്ഥാനത്തുതന്നെയാണ് അവ സ്ഥാനം പിടിക്കുന്നത്.
  മറ്റൊരു ദൃശ്യത്തില്‍ അങ്കിള്‍, മണ്‍സൂര്‍ ഹ്യൂലോ ഒരു ഓഫീസില്‍ കയറിച്ചെല്ലുന്നു. കൂട്ടിനായി നാലഞ്ച് പട്ടികളേയും കാണാം; തെരുവുപട്ടികള്‍.  അദ്ദേഹത്തിന്റെ ഷൂസില്‍ മണ്ണും പൊടിയും പറ്റിയിട്ടുണ്ട്. ഒഫീസിന്റെ വാതില്‍ തുറന്നയുടന്‍ അകത്ത് കടന്നുകയറുന്നത് പട്ടികളാണ്. പിന്നാലെ ഹ്യൂലോയും. സെക്യൂരിറ്റി ജീവനക്കാരന്‍ പട്ടികളെ പുറത്തേക്ക് ആട്ടിയോടിച്ചതിനുശേഷം ഹ്യൂലോയെ ഉദ്യോഗസ്ഥയുടെ മുറിയിലേക്ക് ആനയിക്കുന്നു. ഷൂസിനുള്ളില്‍ കല്ലോ മറ്റോ കടന്നുകൂടിയിട്ടുണ്ടെന്ന ധാരണയില്‍ ഹ്യൂലോ ഷൂസ് ഊരി പരിശോധിക്കുന്നു. അതിനിടയില്‍ വൃത്തിയിലും വെടിപ്പിലും സൂക്ഷിച്ച ഓഫീസ് മുറിയും അവിടുത്തെ മേശയുമൊക്കെ അഴുക്കുനിറഞ്ഞ ഷൂസിന്റെ അടയാളം പതിഞ്ഞ് വൃത്തികേടാകുന്നു. ഈ അഴുക്കാവട്ടെ ഓഫീസിന്റെ പടിക്കല്‍ കൂടിക്കിടക്കുന്നതാണ്. അവിടുന്നാണ് ഹ്യൂലോയുടെ ഷൂസില്‍ പൊടി പുരണ്ടത്. ഓഫീസിന്റെ 'ശുചിത്വം' തകരാറിലായതില്‍ ഒട്ടും കൂസലില്ലാതെ ഹ്യൂലോ ഉദ്യോഗസ്ഥയുടെ വരവിനായി കാത്തിരിക്കുകയാണ്. ഒടുവില്‍ അവരെത്തി അഴുക്കിന്റെ കാരണക്കാരനായ ഹ്യൂലോയെ പുറത്താക്കുന്നു; മുന്‍ വാതിലിലൂടെയല്ല, പിന്നാമ്പുറത്തുകൂടി.
  മണ്‍സൂര്‍ ആര്‍പെല്‍ തന്റെ ഓഫീസില്‍, മേലധികാരിക്കുമുന്നില്‍ ഇരിക്കുന്ന രംഗവും ചിത്രത്തിലുണ്ട്. അവര്‍ തമ്മിലുള്ള സംഭാഷണത്തിനിടയില്‍ മണ്‍സൂര്‍ ആര്‍പെലിന് ഒരു ഫോണ്‍കോള്‍ വരുന്നു. ചിട്ടയൊപ്പിച്ച് മേശപ്പുറത്തുവച്ചിട്ടുള്ള ഫോണില്‍ സംസാരിച്ച് പുറത്തിറങ്ങുന്ന ദൃശ്യത്തിനുശേഷം ഴാക് ടാറ്റി  തൊട്ടടുത്ത് കാണിക്കുന്നത് റിസീവര്‍ തൂങ്ങിക്കിടക്കുന്ന പബ്ലിക് ടെലിഫോണിനെയാണ്.
  അങ്ങനെ ഗൂഢമാക്കി, അതിശയോക്തിയായി അവതരിപ്പിക്കപ്പെടുന്ന ജീവിതത്തെ; ശുചിത്വ ബോധത്തെ തെരുവുപട്ടികളെ കയറ്റിവിട്ട് പൊളിച്ചെറിയുകയാണ് ടാറ്റി തന്റെ സിനിമയിലൂടെ ചെയ്യുന്നത്. ശുചിത്വമില്ലായ്മയെയല്ല മറിച്ച് ആദര്‍ശവത്കരിക്കപ്പെട്ട ശുചിത്വത്തെയാണ് ടാറ്റി വിമര്‍ശിക്കുന്നത്. ഹ്യൂലോയോടൊപ്പം നഗരം ചുറ്റാനിറങ്ങിയ അനന്തരവന്‍ ജെറാഡ് ആര്‍പെല്‍ വഴിവക്കിലെ പെട്ടിക്കടയില്‍നിന്നും ഭക്ഷണം വാങ്ങി കഴിക്കുന്നുണ്ട്. വൃത്തിഹീനമായാണ് കടക്കാരാന്‍ ഭക്ഷണം തയ്യാറാക്കി കുട്ടികള്‍ക്ക് കൊടുക്കുന്നത്. അതുകഴിച്ച് കഴിഞ്ഞ് അങ്കിളിനൊപ്പം വീട്ടിലെത്തിയ ജെറാഡ് ആര്‍പെലിനെ അവന്റെ അമ്മ കണക്കിന് ശകാരിക്കുകയും കുളിപ്പിച്ച് വസ്ത്രം മാറ്റിച്ച് ഭക്ഷണവും വിളമ്പുന്നു. യന്ത്രമുപയോഗിച്ച് പാത്രം സ്‌പ്രേ ചെയ്ത്, ഓരോ സ്പൂണും പ്രത്യേകമെടുത്ത് വൃത്തിയാക്കി വളരെ ശ്രദ്ധാപൂര്‍വം ഭക്ഷണം വിളമ്പുന്ന അവന്റെ അമ്മ കൈയില്‍ ഉറ ധരിച്ചിട്ടുണ്ടെന്നു കൂടി കാണണം. പക്ഷേ അവന്‍ ഭക്ഷണം കഴിക്കുന്നില്ലെന്നുമാത്രമല്ല മ്ലാനനുമാണ്.
  ജീവിതത്തിന്റെ രണ്ടറ്റങ്ങളെ അഭിമുഖമാക്കി നിര്‍ത്തി അതിനിടയിലെ യാഥാര്‍ഥ്യത്തിന്റെ വീണ്ടെടുപ്പാണ് ടാറ്റി തന്റെ സിനിമയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പട്ടികള്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന തെരുവില്‍നിന്നും ആരംഭിച്ച് ഗൂഢമാക്കപ്പെട്ട 'അതി വൃത്തി'ക്കുമേലെ മൂത്രമൊഴിച്ച് അലഞ്ഞുനടക്കുന്ന പട്ടികളില്‍ സിനിമ അവസാനിക്കുമ്പോള്‍ നമ്മള്‍ അറിയുന്നത് അന്യമാകുന്ന യഥാര്‍ഥ ജീവിതത്തെയാണ്. യന്ത്രസജ്ജീകരണങ്ങളോടുകൂടിയ അത്യാധുനികമായ വീടിന് അഭിമുഖമായി അതിന്റെ നിഗൂഢതകളെ, അതിശയോക്തിയെ പ്രതിരോധിച്ചുകൊണ്ട് ഹ്യൂലോയുടെ വീടിനെ വിദൂരദൃശ്യമായി ഏറെനേരം ടാറ്റി നമ്മെ കാണിക്കുന്നു. അധ്വാന ബാഹ്യമായി വളര്‍ത്തപ്പെടുന്ന തലമുറയുടെ പ്രതിനിധിയായ ജെറാഡ് ആര്‍പെലിന് അഭിമുഖമായി തെരുവില്‍ ചൂളമടിച്ച്, ചൂതുകളിച്ച് കറങ്ങി നടക്കുന്ന കുട്ടികളേയും ഴാക് ടാറ്റി ദൃശ്യവത്കരിക്കുന്നു.
  കഥാപാത്ര പരിസരത്തിനുപുറത്തുകടന്നുകൊണ്ടും ദ്വന്ദ്വാത്മകമായ വിവേചനത്തെ ടാറ്റി എതിര്‍ക്കുന്നുണ്ട്. നിഴലും വെളിച്ചവും സിനിമയില്‍ സ്ഥാനം നേടുന്നത് അങ്ങനെയാണ്. തെരുവിലും മറ്റും നമ്മള്‍ കണ്ടുമുട്ടുന്ന കഥാപാത്രങ്ങളുടെ ദൃശ്യബിംബം പൂരകമാകുന്നത് നിരത്തില്‍ അവയുടെ നിഴലുമായി കൂടിച്ചേരുമ്പോഴാണ്. കഥാപാത്ര ബിംബം ദൃശ്യസാന്നിധ്യമാണെങ്കില്‍ നിഴലുകള്‍ അദൃശ്യസാന്നിധ്യമാണ്. അതായത് ദൃശ്യസാന്നിധ്യമായി സിനിമയില്‍ നിറയുന്ന ബിംബങ്ങള്‍ അദൃശ്യസാന്നിധ്യത്തെ വെളിപ്പെടുത്തുകയും ദൃശ്യം/ അദൃശ്യം, രാത്രി/ പകല്‍, അകം/പുറം, സ്ത്രീ/ പുരുഷന്‍, മുതലാളി/തൊഴിലാളി എന്നിങ്ങനെയുള്ള ദ്വന്ദ്വ പരികല്‍പ്പനകളെ പൊളിച്ചെറിയുകയും ഇതിനിടയില്‍ മൂടിവയ്ക്കപ്പെടുന്ന യഥാര്‍ഥ ജീവിതം വീണ്ടെടുക്കപ്പെടുകയും ചെയ്യുന്നു.
  ടാറ്റിയുടെ പട്ടികളില്‍ നാം കാണുന്നത് നമ്മെത്തന്നെയാണ്. അതിശയോക്തിയായി ഗൂഢവത്കരിക്കപ്പെട്ട ശുചിത്വബോധത്തില്‍ നിന്ന് പുറന്തള്ളപ്പെട്ട് നമ്മള്‍ മുതലാളിത്തത്തിന്റെ തന്ത്രങ്ങള്‍ക്കുമുമ്പില്‍, അവരൊരുക്കുന്ന മിയിക ഭൂമികയില്‍ ഭയചകിതരാണ്. ഇത് ചത്ത് വായ് പിളര്‍ന്നിരിക്കുന്ന മീനിനെക്കണ്ട് ഭയക്കുന്നതുപോലെയാണെന്നാണ് ടാറ്റിയുടെ പക്ഷം. ചന്തയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി ഹ്യൂലോ മടങ്ങുന്ന രംഗത്തില്‍ നമുക്കിത് കാണാം. വഴിവക്കിലിരിക്കുന്ന പച്ചക്കറിത്തട്ടിന്റെ അടിയിലിരിക്കുന്ന പട്ടി ഹ്യൂലോയുടെ സഞ്ചിയിലെ മീനിനെക്കണ്ട് ഭയക്കുന്നുണ്ട്. കടക്കാരനുമായി ഹ്യൂലോ സംസാരിക്കുന്നതിനനുസരിച്ച് സഞ്ചിയാണ് ചലിക്കുന്നതെന്നും സഞ്ചിയിലിരിക്കുന്ന മീന്‍ ചത്തതാണെന്നും ചത്ത മീന്‍ ആക്രമിക്കില്ലെന്നും തിരിച്ചറിയുക എന്നുള്ളതാണ്  പ്രധാനം. മീനിനെക്കണ്ട് ഭയക്കുന്ന പട്ടി നമ്മില്‍ ഉണര്‍ത്തുന്ന ചിരി അങ്ങനെ യഥാര്‍ഥ ജീവിതത്തെ വീണ്ടെടുക്കാനുള്ള പോരാട്ടമായി ടാറ്റിയുടെ സിനിമയില്‍ നിറയുന്നു.
  ഹിറ്റ്‌ലറിന്റെ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ 'ചിരി' കൊണ്ട് പ്രതിരോധം സൃഷ്ടിച്ച ചാര്‍ളി ചാപ്ലിന്റെ പിന്‍ തുടര്‍ച്ച ഴാക് ടാറ്റിയില്‍ കാണാം. ഫാസിസത്തിനെതിരെയാണ് ചാപ്ലിന്റെ കലാപമെങ്കില്‍ ടാറ്റിയെ ശ്രദ്ധേയനാക്കുന്നത് സമൂഹത്തെ ഉപഭോഗാസക്തിയിലേക്ക് ആനയിക്കുന്ന വ്യാവസായിക മുതലാളിത്തത്തിനെതിരെയുള്ള സമരമാണ്. 1958 ലാണ് 'മൈ അങ്കിള്‍.- mon oncle ' എന്ന ചിത്രം നിര്‍മിച്ചത്. അതായത് യുദ്ധാനന്തരം ആധുനിക വാസ്തുവിദ്യയിലേക്കും അമേരിക്കന്‍ ശൈലിയില്‍ ഉപഭോഗ സംസ്‌കാരത്തിലേക്കും ഫ്രാന്‍സ് സ്വാംശീകരിക്കപ്പെടുന്ന കാലഘട്ടം. ഇതിനെതിരെയുള്ള പ്രതികരണം എന്ന നിലയില്‍ ടാറ്റിയുടെ മറ്റെല്ലാ ചിത്രത്തെക്കാളും ശ്രദ്ധേയമായത് 'മൈ അങ്കിള്‍' ആണെന്നു പറയാം.
  ടാറ്റി പറയുന്നതുപോലെ ജഡാവസ്ഥയിലുള്ള മുതലാളിത്തം നമ്മെയെല്ലാം സ്വാംശീകരിക്കുന്നതിനെതിരെ ഉണര്‍ന്നിരിക്കേണ്ടതുണ്ട്. എരിതീയില്‍നിന്ന് വറചട്ടിയിലേക്കല്ല. മറിച്ച് നമ്മെ എരിതീയിലേക്കെറിയുന്ന വ്യവസ്ഥകളാണ് ഉന്‍മൂലനം ചെയ്യപ്പെടേണ്ടത്. അതിന് ഇവയെ തിരിച്ചറിയുകയും ഉടച്ചുവാര്‍ക്കുകയും വേണം അതിന് സന്നദ്ധമാകാത്തിടത്തോളം കാലം നമ്മുടെ സര്‍ഗശേഷിയെ അടിയറവച്ച് നമുക്ക് ഒരുമിച്ച് അടിമകളായി ഇരിക്കാം.